ലണ്ടന്‍: പ്രസവശേഷം അമ്മമാര്‍ കുഞ്ഞിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കുഞ്ഞിനെ നല്ലസ്വഭാവമുള്ളവരാക്കാമെന്നാണ് മിക്ക അമ്മമാരുടെയും വിശ്വാസം. എന്നാല്‍ ഇത് മാത്രമല്ല ഗര്‍ഭകാലത്തെ അമ്മയുടെ പരിചരണവും കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഗര്‍ഭകാലത്ത് വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന സ്ത്രീയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ അഭിരുചികള്‍ കുഞ്ഞുങ്ങളിലേക്കും പറിച്ചുനട്ടേക്കാം. അതിനാല്‍ ഈ കാലയളവില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗര്‍ഭാരംഭം മുതല്‍ അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് കുഞ്ഞിലും തങ്ങി നില്‍ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ 10 വര്‍ഷം നീണ്ട പഠനമാണ് കണ്ടെത്തലുകള്‍ നടത്തിയത്. അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ നിശ്ചിത അളവ് ഗര്‍ഭപാത്രത്തില്‍ എത്തുന്നു. മസ്തിഷ്‌ക വളര്‍ച്ചാ ഘട്ടത്തില്‍ എത്തുന്ന ഭക്ഷണത്തിന്റെ അറിവ് കുഞ്ഞില്‍ നീണ്ടകാലത്തേക്ക് നിലകൊള്ളുമത്രേ. പ്രസവദിവസം അടുത്ത ചില സ്ത്രീകള്‍ക്ക് സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തോടൊപ്പം പെരുംജീരക സ്വാദുള്ള പലഹാരങ്ങളും ബിസ്‌കറ്റും നല്‍കിയാണ് ഈ പഠനം നടത്തിയത്.

കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ പെരുംജീരകത്തിന്റെ മണം അടുത്ത് കൂടി കൊണ്ടുപോയപ്പോള്‍ കുഞ്ഞുങ്ങള്‍ പ്രതികരിച്ചതായി സംഘം കണ്ടെത്തി. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പെരുംജീരകത്തിന്റെ രുചി കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമായോ എന്നല്ല മറിച്ച് ഗര്‍ഭപാത്രത്തിലായിരിക്കെ അനുഭവിച്ച രുചിക്കൂട്ട് തിരിച്ചറിയാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയുന്നു എന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വിദഗ്ധസംഘം പറഞ്ഞു. ഇവ നല്‍കാത്ത കുഞ്ഞുങ്ങള്‍ മണത്തോട് പ്രതികരിക്കുന്നില്ലെന്നും കണ്ടെത്തി. കാരറ്റും വെളുത്തുള്ളിയും നല്‍കിയും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍, എല്ലാ ശീലങ്ങളും കുഞ്ഞുങ്ങള്‍ പഠിച്ചെടുക്കുന്നു എന്നുവേണം കരുതാന്‍. ഗര്‍ഭാവസ്ഥയില്‍ മദ്യവും സിഗരറ്റും ഉപയോഗിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ അതിനോട് പ്രതികരിക്കുന്നു. മദ്യത്തിന്റെ ഗന്ധം വരുമ്പോള്‍ കുഞ്ഞുങ്ങള്‍ ചുണ്ടുകള്‍ നനയ്ക്കുന്നതായി അര്‍ജന്റീനിയന്‍ സംഘം നടത്തിയ പഠനത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Malayalam News

Kerala News In English