ന്യൂദല്‍ഹി: അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പെട്രോള്‍ വില ചെലവിന് അനുസരിച്ച് വര്‍ധിപ്പിക്കാതെ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി. ഇറക്കുമതി ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നത്.  ലിറ്ററിന് 3 രൂപ മുതല്‍ 3.20 രൂപ വരെയാണ് നഷ്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഡീസലിനുള്ള സബ്‌സിഡി കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ജയ്പാല്‍ റെഡ്ഡി അറിയിച്ചു. ഡീസല്‍ ലിറ്ററിന് 11.35 രൂപ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. അനുയോജ്യമായ സാഹചര്യം വരുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഡീസല്‍ വില നിയന്ത്രണം ഉടന്‍ എടുത്തു മാറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ ഉല്‍പന്നങ്ങള്‍ സബ്‌സിഡിയിനത്തില്‍ വില്‍ക്കുന്നതിലൂടെയുള്ള നഷ്ടം നികത്താന്‍ സഹായിക്കണമെന്ന് എണ്ണക്കമ്പനികള്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഒന്‍പതു മാസത്തില്‍ ഐ.ഒ.സി 1277 കോടിയുടെ നഷ്ടം നേരിട്ടുവെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.

Malayalam News

Kerala News In English