എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വില 4-5 രൂപ വരെ വര്‍ധിപ്പിച്ചേക്കും
എഡിറ്റര്‍
Tuesday 4th September 2012 9:40am

ന്യൂദല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു. ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപവരെ വര്‍ധിപ്പിക്കാനാണ് നീക്കം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഓയില്‍ കമ്പനികളുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പാചകവാതക വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാനും എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ads By Google

സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് സാമ്പത്തിക രംഗത്തിന് ദുരന്തമായിരിക്കുമെന്നാണ് എണ്ണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. കല്‍ക്കരി ഖനി രാഷ്ട്രീയ പ്രശ്‌നവും ഡീസല്‍ വില സാമ്പത്തിക പ്രശ്‌നവുമാണ്. ദല്‍ഹിയില്‍ എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത് ലിറ്ററിന് 19 രൂപ വരെ നഷ്ടം സഹിച്ചാണ്. ഇത് ട്രഷറിക്ക് പോലും താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ ലിറ്ററിന് 41.29 രൂപ എന്ന നിരക്കിലാണ് ഡീസല്‍ വില്‍ക്കുന്നത്. ഓയില്‍ കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 60% ഡീസല്‍ വില്‍പന കാരണമാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 2013 മാര്‍ച്ച് ആകുമ്പോഴേക്കും എണ്ണക്കമ്പനികളുടെ നഷ്ടം ഏകദേശം 190,000 കോടിയാകുമെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബര്‍ ഏഴിനാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത്. ഇത് കഴിഞ്ഞാലുടന്‍ വില വര്‍ധിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.

Advertisement