ന്യൂദല്‍ഹി: എല്ലാ മാസവും ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ലിറ്ററിന് 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം.

Ads By Google

40 മുതല്‍ 50 പൈസവരെ പ്രതിമാസം കൂടുമെന്നും പെട്രോളിയം മന്ത്രി അറിയിച്ചു. വിമാന ഇന്ധനം ലീറ്ററിന് ഒരു രൂപ 33 പൈസ കൂടി. ഡീസല്‍ വില നിയന്ത്രണം കഴിഞ്ഞമാസം എടുത്തു കളഞ്ഞിരുന്നു.

ചെറിയ തോതില്‍ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ പെട്രോളിയം കമ്പനികള്‍ക്കു ജനുവരി 17 നു സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സബ്‌സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. ഇതേത്തുടര്‍ന്നു ലിറ്ററിനു 45 പൈസ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ലിറ്ററിന് 47.65 രൂപയാണു വില.

ചെറിയ വര്‍ധനയിലൂടെ പ്രതിഷേധം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഭാവിയില്‍ ഡീസല്‍ വില മാസം ഒരു രൂപ വരെ കൂടാനും സാധ്യതയുണ്ട്.

പെട്രോളിന്റെ വില നിയന്ത്രണാവകാശം നേരത്തേ കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസല്‍ 9.28 രൂപ നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് പെട്രോളിയം കമ്പനികളുടെ വാദം.