എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ ലിറ്ററിന് 2 രൂപ വര്‍ധനവുണ്ടായേക്കുമെന്ന് സൂചന
എഡിറ്റര്‍
Tuesday 8th January 2013 10:30am

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. ഡീസല്‍, മണ്ണെണ്ണ. പാചക വാതകം എന്നിവയുടെ വില വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.

ആഗോള വിലയേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇന്ത്യയിലെ വിലയെന്നാണ് സര്‍ക്കാര്‍ വാദം. ഡീസല്‍ ലിറ്ററിന് 2 മുതല്‍ 3 വരേയും പാചകവാതകത്തിന് 50 മുതല്‍ 75 രൂപവരേയും വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്. കെല്‍കാര്‍ കമ്മിറ്റിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

Ads By Google

ആഗോളവിലയേക്കാള്‍ കുറഞ്ഞ മൂല്യമാണ് രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്കും പാചകവാതകത്തിനുമുള്ളത്. ആഗോളവിലനിലവാരത്തിനൊപ്പമെത്താന്‍ കടുത്ത നടപടികള്‍ എടുക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇന്നലെ പറഞ്ഞിരുന്നു. വികസന രംഗത്ത് മുന്നേറാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇന്നലെ കൊച്ചിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ 20,000 കോടി രൂപയുടെ സംയോജിത വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഇന്ത്യയുടെ റിഫൈനിങ് ശേഷി പ്രതിവര്‍ഷം 215 ദശലക്ഷം മെട്രിക് ടണ്ണാണ്. നമ്മുടെ ആവശ്യങ്ങള്‍ നേടാനിത് പര്യാപ്തമാണ്. ഒപ്പം കയറ്റുമതിയും സാധ്യമാകുന്നുണ്ട്. 201112ല്‍ 2,85,000 കോടി രൂപയുടെ 60.8 ദശലക്ഷം മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയില്‍ 20,000 കോടി രൂപയുടെ സംയോജിത വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ റിഫൈനറിയുടെ റിഫൈനിങ് ശേഷി പ്രതിവര്‍ഷം 9.5 ദശലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 15.5 ദശലക്ഷം മെട്രിക് ടണ്ണാകും. 2015 ഡിസംബറോടെ വികസനം പൂര്‍ത്തിയാക്കാനാണ് വിഭാവനം ചെയ്യുന്നത്.

Advertisement