ന്യൂ ദല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. ഡീസലില്‍ ലിറ്ററിന് അഞ്ച് രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ധവില വര്‍ദ്ധനക്ക് പുറമെ എല്‍.പി.ജി സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തി. വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കേരളത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിലവര്‍ദ്ധനയോടൊപ്പം പെട്രോളിന്റെ തീരുവ സര്‍ക്കാര്‍ എടുത്തു കളഞ്ഞിട്ടുമുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില വര്‍ദ്ധന നിലവില്‍ വരും.

ഇനി മുതല്‍ ഒരു കുടുംബത്തിന് സബ്‌സിഡിയോട് കൂടി ആറ് സിലിണ്ടര്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ജീവിക്കാന്‍ ആറ് സിലിണ്ടര്‍ മാത്രം മതിയെന്നാണ് മന്ത്രാലയത്തിന്റെ വാദം. ആറില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഉപയാഗിക്കുന്നവര്‍ സിലിണ്ടറൊന്നിന് 760 രൂപയോളം നല്‍കേണ്ടി വരും. പാചകവാതകവിലയും ഉടനെ വര്‍ദ്ധിപ്പിക്കുമെന്നാണറിയുന്നത്.

Ads By Google

Subscribe Us:

വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫും ബി.ജെ.പിയും ആഹ്വാനം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസും ശനിയാഴ്ച സര്‍വീസ് നിര്‍ത്തി വെച്ച് ഹര്‍ത്താലില്‍ പങ്കുചേരാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഡീസല്‍, പെട്രോള്‍, പാചകവാതകവില വര്‍ധന തീരുമാനിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി (സി.സി.പി.എ) ഇന്ന് യോഗം ചേര്‍ന്നിരിന്നു. ഡീസലിനും പാചകവാതക സിലിണ്ടറിനും വില വര്‍ദ്ധിപ്പിക്കാന്‍ ധനകാര്യമന്ത്രാലയം ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. രൂപയുടെ വിലയിടിവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിനുള്ള വിലക്കയറ്റവും എണ്ണക്കമ്പനികള്‍ക്ക് 1.88 ലക്ഷം കോടി രൂപ നഷ്ടം വരുന്നുവെന്ന് യോഗത്തില്‍ പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ഡീസല്‍ ലിറ്ററിന് 19.20 രൂപ, പാചകവാതക സിലിണ്ടറിന് 347 രൂപ, പെട്രോളിന് ആറു രൂപ, മണ്ണെണ്ണയ്ക്ക് 34.34 രൂപ എന്ന തോതില്‍ നഷ്ടം വരുന്നുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.