ലണ്ടന്‍ : പെട്രോള്‍ വില നിരന്തരം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ഡീസല്‍ വാഹനങ്ങളുടെ എണ്ണം നഗരത്തില്‍ കൂടിവരികയാണ്. അതുകൊണ്ടുതന്നെ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുക അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ പുക ഇത്തരത്തില്‍ വര്‍ധിക്കുന്ന അപകടകരമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

പെട്രോളിന്റേത് അപേക്ഷിച്ച് ഡീസല്‍ പുക അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

ഡീസല്‍ പുക ശ്വസിക്കുന്നതു മൂലം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദത്തിനും മൂത്രാശയ ക്യാന്‍സറിനും ട്യൂമറിനും സാധ്യത വര്‍ധിക്കുന്നതായാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  ഖനി, റെയില്‍വേ ജീവനക്കാരിലും ട്രക്ക് ഡ്രൈവര്‍മാരിലുമാണ് ഇതിനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. സമൂഹത്തില്‍ ഏറെ മലിനീകരണം ഉണ്ടാക്കുന്നതും അതുപോലെ ആരോഗ്യത്തിന് ഏറെ ദോഷകരമായതുമാണ് ഡീസല്‍ പുകയെന്നാണ് കണ്ടെത്തല്‍. ഡോ. ക്രിസ്റ്റഫര്‍ പോര്‍ഷ്യറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ഈ സാഹചര്യത്തില്‍ ഡീസല്‍ ഉപയോഗം കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.

ഡീസല്‍ കത്തുമ്പോള്‍ ഉണ്ടാകുന്നത് കാര്‍ബണ്‍ മോണോക്‌സൈഡും നൈട്രജന്‍ ഡയോക്‌സൈഡുമാണ്. ഇതു ശാരീരികാരോഗ്യത്തിന് ഏറെ ദോഷകരമാണെന്ന് അന്താരാഷ്ട്ര കാന്‍സര്‍ റിസേര്‍ച്ച് ഏജന്‍സി കണ്ടെത്തിയിരുന്നു. അമിതമായി ഡീസല്‍ പുക ശ്വസിക്കുന്നത് ഹൃദയത്തിലെ രക്തധമനികള്‍ക്കു ദോഷകരവും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് സ്‌കോട്‌ലന്‍ഡിലെ ഗവേഷകരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതുമൂലം ഹൃദയാഘാതവും സ്‌ട്രോക്കും വരാനുള്ള സാധ്യത ഏറെയാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.