ചണ്ഡിഗഡ്: സ്വകാര്യപമ്പുകളില്‍നിന്നു ഡീസല്‍ വാങ്ങാന്‍ പഞ്ചാബില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം.

Ads By Google

പഞ്ചാബ് റോഡ്‌വേസ്, പെപ്‌സു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(പിആര്‍ടിസി) എന്നിവയാണ് പഞ്ചാബില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍.

ഡീസല്‍ ലിറ്ററിന് പത്ത് രൂപയിലധികം നല്‍കേണ്ടി വരുന്നതുമൂലമാണിതെന്ന് പഞ്ചാബ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി മന്‍ദീപ് സിംഗ് പറഞ്ഞു.

എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം നല്‍കിയതിനെത്തുടര്‍ന്ന് വലിയ ഉപയോക്താക്കള്‍ 10.81 രൂപ അധികം നല്‍കേണ്ടി വരാറുണ്ട്.

അതേസമയം മൂന്നു കിലോമീറ്ററിനുള്ളിലുള്ള സ്വകാര്യപമ്പുകളില്‍നിന്നു ഡീസല്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ക്വട്ടേഷന്‍ സമര്‍പ്പിക്കാന്‍ ഓരോ ഡിപ്പോ ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡീസല്‍ വിലവര്‍ധനമൂലം പ്രതിമാസം പഞ്ചാബ് റോഡ്‌വേസിന് 50 കോടി രൂപയും പിആര്‍ടിസിക്ക് 35 കോടി രൂപയും നഷ്ടം നേരിടേണ്ടി വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.