ബ്യൂണസ് അയേര്‍സ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയ്ക്കും കാമുകിക്കും കാര്‍ അപകടത്തില്‍ പരുക്കേറ്റു. മറഡോണ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറഡോണയുടെ കാല്‍മുട്ടിനാണ് പരുക്കേറ്റത്. മറഡോണ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

എസീസിയയിലെ വീടിന് സമീപത്ത് വച്ചാണ് തിങ്കളാഴ്ച മറഡോണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാനുള്ള യാത്രക്കിടെയാണ് 50 കാരനായ മറഡോണ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെടുമ്പോള്‍ കാമുകി വെറോണികാ ഒജേഡയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം. വെറോണിക്കയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കോച്ചായിരുന്ന മറഡോണക്ക് ടീം നേരത്തെ പുറത്തായതിനെതുടര്‍ന്ന് സ്ഥാനം നഷ്ടമായിരുന്നു. തുടര്‍ന്ന് ഈയിടെ യു എ ഇയിലെ അല്‍ വാസല്‍ ക്ലബ്ബിന്റെ പരിശീലക ചുമതല ഏറ്റടുത്തിരുന്നു.