കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം നിഷേധിച്ചതോടെ പ്രിയ താരത്തിന് ഗംഭീരസ്വീകരണമൊരുക്കാനുള്ള ഫാന്‍സ് അസോസിയേഷന്റെ തീരുമാനം വെള്ളത്തിലായി.

ദിലീപിന് സ്വീകരണമൊരുക്കാന്‍ പി ആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ചില ഫാന്‍സ് അസോസിയേഷനുകളായിരുന്നു തയ്യാറെടുത്തിരുന്നത്. സബ്ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീടു വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷനുകളുടെ നീക്കം. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ പരിപാടി വെള്ളത്തിലായി.

ഇത്തവണ എന്തായാലും ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍കാര്‍. അതുകൊണ്ട് തന്നെയായിരുന്നു സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതും.


Also Read എന്തുകൊണ്ട് നമ്മള്‍ തോറ്റു? ബവാന തെരഞ്ഞടുപ്പിലെ ബി.ജെ.പിയുടെ ‘താത്വിക അവലോകനം’ ഇങ്ങനെ


ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് തള്ളിയത്. ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

അതേസമയം, കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഗൂഢാലോചന സംബന്ധിച്ച് ദിലീപിനെതിരായ 219 തെളിവുകളുടെ പട്ടിക മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 50 ദിവസത്തിലേറെയായി റിമാന്‍ഡിലില്‍ കഴിയുന്ന ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയായിരുന്നു ഇത്.