എഡിറ്റര്‍
എഡിറ്റര്‍
സച്ചിനില്‍ ഫോക്കസ് ചെയ്തതിനാല്‍ തന്റെ പുരസ്‌കാരം നിഴലിലായെന്ന് തോന്നിയിട്ടില്ല:സി.എന്‍.ആര്‍ റാവു
എഡിറ്റര്‍
Monday 18th November 2013 10:18pm

c-n-r-ravu

ന്യൂദല്‍ഹി: സച്ചിനില്‍ ഫോക്കസ് ചെയ്തതിനാല്‍ തന്റെ പുരസ്‌കാര പ്രഭ നിഴലില്‍പ്പെട്ടുപോയെന്ന് തോന്നിയിട്ടില്ലെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ഭാരത രത്‌ന ജേതാവുമായ സി.എന്‍.ആര്‍ റാവു.

സച്ചിന്‍ ഒരു പബ്ലിക് ഫിഗര്‍ ആണെന്നും തനിക്കത് മനസിലാക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ നിശബ്ദം ജോലി ചെയ്യുന്നവരാണെന്നും അത്തരം മോടി തങ്ങള്‍ ഇച്ഛിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസം സച്ചിന് ഭാരതരത്‌ന നല്‍കിയതോടൊപ്പമാണ് സി.എന്‍.ആര്‍ റാവുവിനും കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചത്.

ശാസ്ത്രത്തിന് മാധ്യമങ്ങളില്‍ നിന്ന് കൂടുതല്‍ പിന്തുണ ആവശ്യമാണെന്നും ശാസ്ത്രത്തില്‍ സംഭവിക്കുന്ന പോസിറ്റീവ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ശാസ്ത്രത്തിന് കൂടുതല്‍ പിന്തുണയും പണവും ആവശ്യമാണ്. ഇന്ത്യ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചൈനയും സൗത് കൊറിയയും ഗവേഷണത്തില്‍ ചിലവഴിക്കാന്‍ തയ്യാറായതുകൊണ്ടാണ് അവര്‍ നമ്മളേക്കാള്‍ മുന്നില്‍ കുതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാര്‍ വിഡ്ഡികളാണെന്ന് കഴിഞ്ഞ ദിവസം റാവു പ്രസ്താവിച്ചിരുന്നു. എന്നാല്‍ താന്‍ ആരെയും വിഡ്ഡി എന്ന് വിളിച്ചതല്ലെന്നും ചില കാര്യങ്ങള്‍ ചെയ്യുന്നതില്‍ പുലര്‍ത്തുന്ന വിഡ്ഡിത്തമാണ് താന്‍ പരാമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശ സമിതിയുടെ തലവനായ റാവുവിന്റെ കരിയറിന് അഞ്ച് ദശകത്തേക്കാള്‍ കൂടുതല്‍ ആയുസുണ്ട്.

Advertisement