എഡിറ്റര്‍
എഡിറ്റര്‍
സി.എ.ജി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഘടനയില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Tuesday 13th November 2012 1:30pm

ന്യൂദല്‍ഹി: സി.എ.ജി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവയുടെ ഘടനയില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സി.എ.ജിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഘടനയില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads By Google

സി.പി.ഐ മുതിര്‍ന്ന നേതാവും എം.പിയുമായ ഗുരുദാസ് ഗുപ്തക്കയച്ച കത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സി.എ.ജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരെ നിയമിക്കുന്നതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ രൂപീകരിക്കണമെന്ന ഗുരുദാസ് ഗുപ്തയുടെ കത്തിന് മറുപടി നല്‍കിയതായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്. സി.എ.ജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റു ഇലക്ഷന്‍ കമ്മീഷണര്‍ എന്നിവരുടെ നിയമനങ്ങള്‍ ഇതുവരെയുള്ള രീതിയില്‍ തന്നെ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മാറ്റം വരുത്തുന്ന കാര്യം പ്രതിപക്ഷ നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാവും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഇലക്ട്രല്‍ പരിഷ്‌കാരങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചക്കെടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും  ഭരണഘടനാ സ്ഥാപനങ്ങളുടെ മേധാവികളെ നിയമിക്കുന്നതിന് അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നു.

സി.എ.ജിക്ക് പകരം ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കുന്ന വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞത് ഏറെ വിവാദമായിരുന്നു.

Advertisement