എഡിറ്റര്‍
എഡിറ്റര്‍
ഭൂകമ്പം: യു.എസിന്റെ സാമ്പത്തിക സഹായം വേണ്ടെന്ന് ഇറാന്‍
എഡിറ്റര്‍
Thursday 16th August 2012 9:24am

ടെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ വന്‍നാശം വിതച്ച ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി യു.എസ് വാഗ്ദാനം ചെയ്ത സഹായം ഇറാന്‍ നിരസിച്ചു. യു.എസില്‍ നിന്നും യാതൊരു വിധത്തിലുള്ള സഹായങ്ങളും സ്വീകരിക്കുന്നില്ലെന്നും സഹായവാഗ്ദാനം എത്രത്തോളം ഉദ്ദേശ്യശുദ്ധിയോടെയാണെന്നതില്‍ സംശയമുണ്ടെന്നും ഇറാന്‍ അറിയിച്ചു.

Ads By Google

ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 306 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തില്‍ 12 ഗ്രാമങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. അറുപതോളം ഗ്രാമങ്ങളില്‍ പകുതിയോളം കെട്ടിടങ്ങള്‍ നിലംപൊത്തി. ആകെ 110 ഗ്രാമങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു.

ഈയൊരു സാഹചര്യത്തിലായിരുന്നു സഹായവാഗ്ദാനവുമായി യു.എസ് എത്തിയത്. ഇറാന് വേണ്ട ഏതുസഹായവും ചെയ്യാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി വേണ്ട എല്ലാ സാമ്പത്തിക സഹായവും നല്‍കാമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

എന്നാല്‍ യു.എസിന്റെ ഈ സഹായഹസ്തത്തിന് പിന്നില്‍ മറ്റുപല ഉദ്ദേശ്യങ്ങളും ഉണ്ടാകാമെന്നും ഇപ്പോള്‍ സഹായം സ്വീകരിച്ചാല്‍ ഭാവിയില്‍ അത് ഇറാന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയിയിലുള്ള വിപത്തായി മാറാന്‍ സാധ്യതയുണ്ടെന്നും ഇറാന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഹസന്‍ ഗദാമി വ്യക്തമാക്കി.

യു.എസിന്റെ സഹായവാഗ്ദാനം നല്ല ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. എന്തെങ്കിലും സഹായം ചെയ്യണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകണമെന്നും ഗദാമി ആവശ്യപ്പെട്ടു.

Advertisement