ന്യൂദല്‍ഹി: 2 ജി അഴിമതിക്കേസില്‍ ബോധപൂര്‍വം ആരെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മുന്‍ ടെലകോം മന്ത്രി എ.രാജ. അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി ചിദംബരത്തെയും  ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ മൊഴി തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്നും രാജ വ്യക്തമാക്കി. അതേസമയം ശരിയായ രീതിയിലല്ല കേസിന്റെ വിചാരണ നടക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

2 ജി സ്‌പെക്ട്രം വില്‍പന നടത്തിയത് പ്രധാനമന്ത്രിയുടെയും അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അറിവോടു കൂടിയായിരുന്നെന്നായിരുന്നു രാജയുടെ മൊഴി. ഇതിനെത്തുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് രാജ പുതിയ വിശദീകരണം നല്‍കിയത്.

Subscribe Us:

ടാറ്റയുമായുള്ള ഇടപാടില്‍ 14000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍ ഇക്കാര്യം അന്വേഷിക്കപ്പെടാതെ പോവുകയാണുണ്ടായത്.  ടാറ്റ ടെലിസര്‍വീസസ് വിദേശ പങ്കാളിയായ ഡോകോമോയ്ക്ക് 27 ശതമാനം ഓഹരി വിറ്റ സംഖ്യ ടു ജി അഴിമതി നടത്തിയെന്നു സി.ബി.ഐ പറയുന്ന ആകെ തുകയുടെ പകുതിയേക്കാള്‍  വലുതാണെന്നും രാജ കോടതിയില്‍ പറഞ്ഞു.

സി.ബി.ഐ പ്രത്യേക കോടതിയില്‍ രാജയുടെ വാദം തുടരുകയാണ്. കേസില്‍ ചിദംബരത്തെ സാക്ഷിയാക്കണമെന്നും രാജ ആവശ്യപ്പെട്ടിട്ടുണ്ട്.