മുംബൈ: ബാങ്കിങ് ഇടപാടുകള്‍ ഇനി വെറുമൊരു ഡയലില്‍ ഒതുങ്ങും. എത്രയും പെട്ടന്ന് എല്ലാ ബാങ്കിങ് ഇടപാടുകളും മൊബൈലിലെ ഒരു ഡയലില്‍ ഒതുക്കാനാണ് പദ്ധതിയിടുന്നത്. *99# എന്ന് ഡയല്‍ ചെയ്ത് എല്ലാ ബാങ്കിങ് ഇടപാടുകളും നടത്താനാണ് സര്‍ക്കാറിന്റെ പദ്ധതി.

ഇന്നലെ നടന്ന ബാങ്കിങ് നേതൃയോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തില്‍ ബാങ്കിന്റെ എല്ലാ ഇടപാടുകളും ഇലക്ട്രോണിക് മോഡിലാക്കാന്‍ ധനമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു.

Ads By Google

ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വഴി ബാങ്ക് ഇടപാടുകള്‍ മുഴുവന്‍ ആധാര്‍ വഴിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ ഉപയോക്താക്കളുടെ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്, സബ്‌സിഡീ തുടങ്ങി എല്ലാം ആധാര്‍ വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2013 ഡിസംബറോടെ ഉപയോക്താക്കളുടെ ആധാര്‍ നമ്പറുകള്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ഇത് കൂടാതെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ഇലക്ട്രോണിക് മോഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.  1998 ലാണ് കര്‍ഷകരുടെ മുഴുവന്‍ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡ് വഴി ആക്കിക്കൊണ്ടുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നിലവില്‍ വരുന്നത്.

ഇന്നലെ നടന്ന യോഗത്തില്‍ മഹാരാഷ്ട്ര ബാങ്ക് വിസ കാര്‍ഡും മാസ്റ്റര്‍ കാര്‍ഡുമുപയോഗിച്ച് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഇടപാടുകള്‍ നടത്താമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം രാജ്യത്തെ 1.04 ലക്ഷം എ.ടി.എം വഴി ഇനി കിസാന്‍ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താം.