മിതവിശപ്പും ദാഹവുമാണ് (Excessive thirst and appetite) പ്രമേഹരോഗികളില്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. ഏറ്റവും ആദ്യം തിരിച്ചറിയുന്നതും ഈ ലക്ഷണമാണ്.
അമിതമായ മൂത്രമൊഴിക്കലാണ് മറ്റൊരു ലക്ഷണം. ഓരോ മണിക്കൂറിലും മൂത്രമൊഴിക്കാന്‍ തോന്നുന്ന അവസ്ഥയുണ്ടാകുന്നു. യാത്രയിലും മറ്റു സന്ദര്‍ഭങ്ങളിലും ഇതുമൂലം രോഗി വല്ലാതെ പ്രയാസപ്പെടാറുണ്ട്. ശരീരഭാരം കുറയ്യുകയോ കൂടുകയോ ചെയ്യുക. കഴിക്കുന്ന ആഹാരത്തിന് ആനുപാതികമായിട്ടല്ല ഇതു സംഭവിക്കുക. ചിലരില്‍ കുടവയറും ലക്ഷണമാവാറുണ്ട്.

അമിതക്ഷീണം, മനംപുരട്ടലും ഛര്‍ദ്ദിയും, കാഴ്ച മങ്ങല്‍, ഫംഗസ് ബാധ, വായ് വരണ്ടുണങ്ങല്‍, മുറിവുണങ്ങാന്‍ താമസം എന്നിയും ലക്ഷണങ്ങളാണ്. മുറിവുണങ്ങാതിരിക്കുന്ന പ്രശ്‌നം ഏറ്റവും കൂടുതല്‍ കാണുന്നത് രോഗിയുടെ പാദങ്ങളിലാണ്. വ്രണങ്ങള്‍ ഉണങ്ങാതെ പൊട്ടിയൊലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് പാദസംരക്ഷണത്തിനു കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നത്. ചിലരുടെ പാദങ്ങളുടെ അടിഭാഗത്തുള്ള തൊലി പൊളിഞ്ഞുപോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.

ത്വക് ചുക്കിച്ചുളിയല്‍, അസ്വാസ്ഥ്യം, കൈകാല്‍ മരവിപ്പ്, നിരന്തരമായുണ്ടാവുന്ന അണുബാധ, തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. പ്രമേഹത്തിന്റെ പൊതുലക്ഷണങ്ങളെല്ലാം സ്ത്രീകളെയും ബാധിക്കുമെങ്കിലും യോനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ സ്ത്രീകളില്‍ മാത്രം കാണുന്ന ഒരു ലക്ഷണമാണ്.

കുഞ്ഞുങ്ങളില്‍ പ്രമേഹമുണ്ടായാല്‍ അസാധാരണമാംവിധം കൂടുതലായി മൂത്രമൊഴിക്കും. അകാരണമായി ശരീരം മെലിയുക, കടുത്തദാഹം, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് പ്രമേഹത്തിനു ചികില്‍സിക്കാന്‍ തുടങ്ങരുത്. വിദഗ്ധ പരിശോധനയും രോഗനിര്‍ണ്ണയവുമാണ് ആദ്യം വേണ്ടത്.