ചണ്ഢീഗ്ര: വീരേന്ദര്‍ സെവാഗിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഹരിയാനയില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് ക്രിക്കറ്റ് അക്കാദമിയും വിദ്യഭ്യാസ സ്ഥാപനവും തുടങ്ങാന്‍ ധോണി ആഗ്രഹം പ്രകടിപ്പിച്ചതായി ഹരിയാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഒ.പി.സിങ് വെളിപ്പെടുത്തി.

ഈ ആവശ്യമുന്നയിച്ച് ധോണി ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡക്ക് അടുത്തിടെ കത്തയച്ചിരുന്നു. മുഖ്യമന്ത്രി കത്ത്് തുടര്‍നടപടികള്‍ക്കായി സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ധോണിയുടെ പദ്ധതിയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കാനാണ് സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം.

ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ പദ്ധതിയെകുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷമായിരിക്കും അടുത്ത നടപടിയെന്നും കായികമന്ത്രി സുക്കുബീര്‍ കത്താരിയ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞ് സ്‌പോര്‍ട്‌സ് ഡയറക്ടറായ സിങ് ധോണിക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.

2008ല്‍ ക്രിക്കറ്റ് അക്കാദമിയും സ്‌ക്കൂളും സ്ഥാപിക്കാനായി ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് സംസ്ഥാന സര്‍ക്കാര്‍ 23 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു.