Categories

ധോണിക്കും ബിന്ദ്രക്കും ലഫ്റ്റനന്റ് കേണല്‍ പദവി ചൊവ്വാഴ്ച സമ്മാനിക്കും

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്കും ഷൂട്ടിംഗ് താരവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രയ്ക്കും ടെറിറ്റോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി ചൊവ്വാഴ്ച സമ്മാനിക്കും. നവംബര്‍ ഒന്നിന് ഇരുവര്‍ക്കും ടെറിറ്റോറിയല്‍ ആര്‍മിയുടെ ലെഫ്റ്റനന്റ് കേണല്‍ പദവി സമ്മാനിക്കുമെന്ന് സൈനീക വക്താവ് വ്യക്തമാക്കി.

യഥാക്രമം ക്രിക്കറ്റിനും ഷൂട്ടിംഗിനും നല്‍കിയ സംഭാവനകളും കൂടാതെ പല ഘട്ടങ്ങളിലായി ഇന്ത്യന്‍ സേനയ്ക്ക് നല്‍കിയ സേവനങ്ങളും പരിഗണിച്ചാണ് ഇരുവര്‍ക്കും ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഇതുസംബന്ധിച്ചുള്ള സൈനിക നേതൃത്വത്തിന്റെ ശിപാര്‍ശക്ക് സെപ്റ്റംബര്‍ ആദ്യം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരുടെയും തിരക്കുകള്‍ കാരണം ചടങ്ങ് നീളുകയായിരുന്നു.

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ക്രിക്കറ്റില്‍ ലോക ചാംപ്യന്‍മാരായത് ധോണിയുടെ നേതൃത്വത്തിലാണ്. കൂടാതെ ധോണിയുടെ കീഴില്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു. ഇന്ത്യയുടെ ഏക ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ല്‍ ബീജിംഗ് ഒളിംപിക്‌സിലാണ് ബിന്ദ്ര ഷൂട്ടിംഗ് സ്വര്‍ണം കരസ്ഥമാക്കിയത്.

നേരത്തെ മുന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവിനും സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ക്കും ആര്‍മി ഉയര്‍ന്ന സ്ഥാനം നല്‍കി ആദരിച്ചിരുന്നു. കപിലിന് ടെറിറ്റോറിയല്‍ ആര്‍മിയില്‍ തന്നെ ലെഫ്റ്റനന്‍ന്റ് കേണല്‍ പദവി നല്‍കിയപ്പോള്‍ സച്ചിന് ഇന്ത്യന്‍ വ്യേമസേനയിലെ ഹോണററി ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയാണ് നല്‍കിയത്. ധോണിക്കും സച്ചിനും സുഖോയ് യുദ്ധവിമാനത്തില്‍ പറക്കാനും നേരത്തെ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.