എഡിറ്റര്‍
എഡിറ്റര്‍
ഗ്രൗണ്ടില്‍ ക്ഷമയോടെ പെരുമാറണമെന്ന് ധോണി പറഞ്ഞു: വിരാട് കോഹ്‌ലി
എഡിറ്റര്‍
Monday 11th June 2012 10:01am

ന്യൂദല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയുടെ ഗ്രൗണ്ടിലെ പരാക്രമങ്ങളാണ് ഇപ്പോള്‍ ടീമിലെ ചര്‍ച്ചാ വിഷയം. ഗ്രൗണ്ടിലെ ഈ കൈവിട്ട പെരുമാറ്റങ്ങള്‍ക്ക് താരം ഒരുപാട് തവണ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണി തന്നെ കോഹ്‌ലിയോട് ഗ്രൗണ്ടിലെ പ്രകടനം ഒരല്പം കുറയ്ക്കണമെന്ന അഭിപ്രായവുമായി സമീപിച്ചിരിക്കുകയാണ്. കോഹ്‌ലി ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് അറിഞ്ഞത്.

‘ ഞാന്‍ ധോണിയുമായി ഈ വിഷയം സംസാരിച്ചു. ഗ്രൗണ്ടിലെ തന്റെ പെരുമാറ്റത്തില്‍ കുറച്ചുകൂടി ശാന്തത വരുത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ഗ്രൗണ്ടിലെ പെരുമാറ്റം കണ്ട് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. -കോഹ്‌ലി പറഞ്ഞു.

ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്ക് തനിയ്ക്ക് കുറച്ചുകൂടി കാര്യബോധം വരേണ്ടതുണ്ടെന്നാണ് ധോണി പറയുന്നത്. കളിയിലെ മികച്ച പ്രകടനം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് തന്നെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ധോണി പറഞ്ഞിട്ടുണ്ട്. അതില്‍ കാര്യമുണ്ടെന്ന് തോന്നി. ഇനി കുറച്ചുകൂടി ഗൗരവത്തോടെ ഗ്രൗണ്ടില്‍ പെരുമാറാന്‍ ശ്രമിക്കുമെന്നും കോഹ്‌ലി വ്യക്തമാക്കി.

വൈസ് ക്യാപ്റ്റന്‍ പദവി ടെന്‍ഷന്‍ കൂട്ടുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. വൈസ് ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ തന്റെ ഈ മനോഭാവത്തില്‍ മാറ്റം വരും. കാരണം ആളുകള്‍ തന്നെ കുറച്ചുകൂടി ശ്രദ്ധിക്കുമെന്ന തോന്നല്‍ മനസ്സില്‍ ഉണ്ടാകും. അപ്പോള്‍ കുറച്ചുകൂടി ഗൗരവത്തോടെ കളിയെ സമീപിക്കാന്‍ ശ്രമിക്കും- കോഹ്‌ലി വ്യക്തമാക്കി.

Advertisement