എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ധോണിയുടെ സ്ഥാനം ഇറങ്ങി
എഡിറ്റര്‍
Monday 25th June 2012 8:00am

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്ക്ക് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ സ്ഥാനനഷ്ടം. ഞായറാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടികയില്‍ ധോണി ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാമതായി. അതേസമയം, വിരാട് കോഹ് ലി മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റന്‍ അലസ്റ്റെയര്‍ കുക്കിനൊപ്പമാണ് ഇപ്പോള്‍ ധോണിയുടെ സ്ഥാനം. വെസ്റ്റ് ഇന്‍ഡീസുമായി നടന്ന മത്സരത്തിലെ മികച്ച പ്രകടനമാണ് അലസ്റ്റെയറിന് ഈ സ്ഥാനത്ത് എത്തിച്ചത്. 752 പോയിന്റാണ് ധോണിയ്ക്കും അലസ്‌റ്റെയര്‍ കുക്കിനും ഉള്ളത്.

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയാണ് പട്ടികയില്‍ ഒന്നാമത്. 871 പോയന്റാണ് അദ്ദേഹത്തിനുള്ളത്. 851 പോയന്റുമായി എ.ബി ഡിവില്ലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. 846 പോയിന്റാണ് ഇന്ത്യയുടെ വിരാട് കോഹ്‌ലിക്ക് ഉള്ളത്.

ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ച മറ്റൊരു ഇന്ത്യന്‍ താരം ഗൗതം ഗംഭീറാണ്. 666 പോയിന്റുമായി 17 ാം സ്ഥാനത്ത് തുടരുകയാണ് ഗംഭീര്‍. ഒരു സ്ഥാനമുയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തിയ ആര്‍. അശ്വിന്‍ മാത്രമാണ് ആദ്യ പത്തുപേരിലുള്ള ഏക ഇന്ത്യന്‍ താരം. പാകിസ്താന്‍ താരങ്ങളായ മുഹമ്മദ് ഹഫീസും സഈദ് അജ്മലും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ലോണ്‍വാബോ സോട്‌സോബിയാണ് മുന്നില്‍. റിലയന്‍സ് ഐ.സി.സി ചാമ്പ്യന്‍ഷിപ്പ് ടേബിള്‍ ഏകദിന റാങ്കിങ്ങില്‍ 117 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 1243 പോയിന്റുമായി ആസ്‌ട്രേലിയയാണ് ഒന്നാമത്. 118 പോയിന്റുനേടിയ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്

Advertisement