ന്യൂദല്‍ഹി: ലോകത്തെ സമ്പന്നരായ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. അമേരിക്കയുടെ ബോക്‌സിങ് താരം ഫ്‌ളോയിഡ് മേയ്‌വെതറാണ് ഒന്നാം സ്ഥാനത്ത്. വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തായിരുന്ന ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫ്‌ളോയിഡ് ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 31-ാം സ്ഥാനത്തുണ്ട്. സമ്പന്നരില്‍ ധോണിയെക്കാള്‍ പുറകിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 78-ാം സ്ഥാനത്താണ് സച്ചിന്‍.

സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് (63), ടെന്നീസ് താരം നൊവാക് ദ്യോകോവിച്ച് (62), എന്നിവരും ധോണിക്ക് പിറകിലാണ്.

ഫുട്‌ബോള്‍ സൂപ്പര്‍താങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം, ടെന്നീസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. വനിതകളില്‍ ടെന്നീസ് താരം മരിയ ഷറപ്പോവയാണ് ഒന്നാം സ്ഥാനത്ത്.