ബ്രിസ്‌ബേന്‍: റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായി നടക്കാനിരിക്കുന്ന മത്സരത്തില്‍ ഗൗതം ഗംഭീര്‍ പുറത്തിരിക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി.  യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്ന റൊട്ടേഷന്‍ സംവിധാനം ആവശ്യമാണെന്നും ധോണി വ്യക്തമാക്കി.

ഇന്ത്യ ശ്രീലങ്ക മത്സരം സമനിലയില്‍ ആക്കാന്‍ കഴിഞ്ഞതില്‍ യുവതാരങ്ങള്‍ക്ക് ഏറെ പങ്കുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘ താരങ്ങള്‍ കളിക്കളത്തില്‍ മികച്ച ഫോം പുറത്തെടുക്കും എന്ന സാഹചര്യം വരുമ്പോള്‍ മാത്രമേ അവരെ കളിക്കളത്തില്‍ ഇറക്കാവൂ. ഫിറ്റ് ആയ താരങ്ങളാണ് ഫൈനല്‍ മത്സരങ്ങളില്‍ കളിക്കേണ്ടത്. ആ സമയത്ത് മാത്രമേ അവര്‍ക്ക് റണ്‍സ് അടിച്ചുകൂട്ടാന്‍ കഴിയുകയുള്ളൂ’.

‘ രോഹിത്ത് ശര്‍മ്മ മികച്ച താരമാണ്. അദ്ദേഹം ഫോമില്‍ നില്‍ക്കുന്ന സമയത്ത് ടീമില്‍ ഉള്‍പ്പെടുത്തണം. അടുത്ത ലോകകപ്പ് നേടുക എന്ന വലിയ സ്വപ്‌നം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. രോഹിത്ത് ശര്‍മയെ പോലെയും മനോജ് തിവാരിയെ പോലെയുമുള്ള കളിക്കാര്‍ക്ക് ഇപ്പോഴേ അവസരം കൊടുത്തില്ലെങ്കില്‍ ഫൈനല്‍ എത്തുമ്പോള്‍ അവരെ പുറത്തിരുത്തേണ്ടി വരും. അത് ടീമിന് വലിയ നഷ്ടമാണ്. അവരുടെ പല ഷോട്ടുകളും ഓസ്‌ട്രേലിയന്‍ ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അത്തരം കളിക്കാരെയാണ് ടീമിന് കൂടുതല്‍ ആവശ്യം.

’91 ഉം 92 റണ്‍സ് എല്ലാം നേടുന്ന കളിക്കാരെ പുറത്തിരുത്തേണ്ടി വരുമ്പോള്‍ വിഷമം തോന്നാറുണ്ട് പക്ഷേ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതായുണ്ട്. ഇവര്‍ ആരെങ്കിലും പിന്നീട് പരിക്കിന്റെ പിടിയിലായാല്‍ പകരം താരങ്ങളെ ഇറക്കേണ്ടിവരും പകരക്കാരായ താരങ്ങള്‍ക്ക് വേണ്ട പരിശീലനം നല്‍കിയില്ലെങ്കില്‍ ഫൈനല്‍ മത്സരങ്ങളില്‍ അവര്‍ക്ക് കളിക്കാനാകില്ല. ഇതെല്ലാം കണക്കിലെടുത്താണ് റൊട്ടേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.’ -ധോണി വ്യക്തമാക്കി.

Malayalam News

Kerala News In English