Categories

ഐ.സി.സി പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന് മത്സരിക്കാന്‍ ധോണിയും കോഹ്‌ലിയും

Dhoni-and-Kohli

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.

ഗവേണിങ് ബോഡിയുടെ പത്താമത് വാര്‍ഷിക അവാര്‍ഡുകളോട് അനുബന്ധിച്ച് ഡിസംബര്‍ 13-ന് വിജയിയെ പ്രഖ്യാപിക്കും.

‘ഓസ്‌ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ടിന്റെ അലസ്റ്റെയര്‍ കുക്ക്, ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌സ് എന്നിവരാണ് മറ്റ് നോമിനികള്‍’ ഐ.സി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.

ധോണിയും കോഹ്‌ലിയും നേരത്തെ ഐ.സി.സി അവാര്‍ഡ് നേടിയിട്ടുള്ളതാണ്. 2012-ല്‍ മികച്ച ഏകദിനകളിക്കാരനുളള ഐ.സി.സി അവാര്‍ഡ് കോഹ്‌ലിയ്ക്കായിരുന്നു. 2008, 2009 വര്‍ഷങ്ങളില്‍ ഇത് ധോണിയുടെ പേരില്‍ ആയിരുന്നു.

പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് നിശ്ചയിക്കുന്നത് ആരാധകരാണ്. www.lgiccawards.com എന്ന വെബ്‌സൈറ്റിലൂടെയോ ട്വിറ്ററില്‍ #lgiccawards എന്ന ഹാഷ് ടാഗ് ഉപയോഗിച്ചോ വോട്ട് രേഖപ്പെടുത്താം.

ഇന്നു മുതല്‍ ഈ മാസം 23-ന് അര്‍ദ്ധരാത്രി വരെയാണ് വോട്ടിങ് സമയം. ഈ വര്‍ഷത്തെ മറ്റ് എല്‍.ജി ഐ.സി.സി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതിനോടൊപ്പം ഡിസംബര്‍ 13-ന് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡും പ്രഖ്യാപിക്കും.

എല്‍.ജി ഐ.സി.സി അവാര്‍ഡിന്റെ പത്താം വര്‍ഷമാണിത്. ഇത്തവണ  മുതല്‍ അവാര്‍ഡ് ഫോര്‍മാറ്റുകളും മാറുകയാണ്.

ഫോര്‍മലായി നടത്തിയിരുന്ന ചടങ്ങ് ഇനിമുതല്‍ വര്‍ഷാവസാനം സംപ്രേഷണം ചെയ്യുന്ന സ്‌പെഷ്യല്‍ ടിവി ഷോ ആയിരിക്കും. കഴിഞ്ഞ വര്‍ഷം ലോകക്രിക്കറ്റില്‍ നടന്ന പ്രധാനസംഭവങ്ങളും നോമിനികളും വിജയികളുമായുള്ള ഇന്റര്‍വ്യൂകളും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാവും ഈ ടിവി ഷോ.

ഐ.സി.സി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് വിദഗ്ധരുടെ സംഘമാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ അലക് സ്റ്റുവര്‍ട്ട്, ന്യൂസിലന്റിന്റെ കാതറിന്‍ കാംബെല്‍, പാക്കിസ്ഥാന്റെ വഖാര്‍ യൂനിസ്, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പൊള്ളോക്ക് എന്നിവരാണ് വിദഗ്ധ സംഘത്തിലെ മറ്റുള്ളവര്‍.

എല്‍.ജിയും ഐ.സി.സിയും സംയുക്തമായി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നോമിനികളെ തിരഞ്ഞെടുത്തത്.

‘എല്‍.ജി പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡിന്റെ നാലാം വര്‍ഷമാണിത്. ആഗോളതലത്തിലുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇത് ഏറെ അംഗീകരിക്കപ്പെടുന്നുണ്ട്.’ ഐ.സി.സി ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറയുന്നു.

‘ആ വര്‍ഷം ഒട്ടേറെ പ്രമുഖര്‍ നോമിനികളായിട്ടുണ്ട്. തങ്ങളുടെ പ്രിയതാരത്തെ തിരഞ്ഞെടുക്കാന്‍ ആരാധകര്‍ മുന്നോട്ട് വരുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കുന്നു.’