എഡിറ്റര്‍
എഡിറ്റര്‍
ധോണി അഭിനന്ദനമര്‍ഹിക്കുന്ന ക്യാപ്റ്റന്‍: വിരാട് കോഹ്‌ലി
എഡിറ്റര്‍
Friday 15th June 2012 11:53am

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഏറെ സന്തോഷവാനാണ്. ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന താരമാണ് ധോണിയെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം. ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടുപോകുന്നതില്‍ ധോണി ഒരു വിജയമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്ഥാനത്തെ കുറിച്ച് ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍ക്കും എതിരഭിപ്രായവുമില്ല. ധോണി ഒരിക്കലും മോശമായി ടീമിനെ നയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ടീമിനെ ആരുനയിക്കണമെന്ന തീരുമാനം എടുക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയാണ്. അവരുടെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്.

ഗ്രൗണ്ടിലെ കോഹ്‌ലിയുടെ പ്രകടനത്തെ കുറിച്ച് കഴിഞ്ഞ ദിവസം ധോണി സംസാരിച്ചിരുന്നു. ഗ്രൗണ്ടില്‍ കോഹ്‌ലി കുറച്ചുകൂടി പക്വത കാണിക്കണമെന്നും ശാന്തസ്വഭാവത്തില്‍ പെരുമാറണമെന്നും കോഹ്‌ലിയ്ക്ക് ഉപദേശം നല്‍കുകയും ചെയ്തിരുന്നു.

ആ ഉപദേശം സ്വീകരിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി ഇതായിരുന്നു. ‘ അതിനായി ഞാന്‍ ശ്രമിക്കും. കൂടാതെ മറ്റുള്ളവരില്‍ നിന്നും നല്ല ശീലങ്ങള്‍ എങ്ങനെ പകര്‍ത്താം എന്നാണ് ഞാന്‍ ഇപ്പോള്‍ നോക്കുന്നത്’. ഗൗതം ഗംഭീറിനെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിനെ കുറിച്ചും കോഹ്‌ലി തന്റെ അഭിപ്രായം വ്യക്തമാക്കി. ഗൗതം മികച്ച കളിക്കാരനാണ്. എല്ലാ ഫോര്‍മാറ്റിലുള്ള മത്സരങ്ങളിലും കളിക്കാന്‍ അദ്ദേഹത്തിനാകും. അദ്ദേഹത്തെ ടെസ്റ്റ ക്യാപ്റ്റനാക്കുന്നത് ടീമിന് ഗുണം മാത്രമേ ചെയ്യൂ.-കോഹ്‌ലി വ്യക്തമാക്കി

Advertisement