ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി പതിനാല് പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയില്‍ നിന്ന് ക്യാപ്റ്റന്‍ ധോണി മാത്രമാണ് അവാര്‍ഡിനര്‍ഹനായത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി അര്‍ഹനായത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടെന്റ് ബ്രിഡ്ജില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ സ്വന്തം പിഴവ് കൊണ്ട് പുറത്തായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്ലിനെ തിരിച്ച് വിളിച്ച നടപടിയാണ ധോണിയെ അവാര്‍ഡിനര്‍ഹനാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിനെ മറികടന്നാണ് ധോണി അവാര്‍ഡിനര്‍ഹനായത്. ഐ.സി.സിയുടെ എലൈറ്റ് പാനലിലുള്‍പ്പെട്ട മാച്ച് റഫറിമാരും അംപയര്‍മാരും ചേര്‍ന്നാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

ഇംഗ്ലണ്ട് താരം ജോനാതന്‍ ട്രോറ്റിനാണ് മികച്ച മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ്. മറ്റൊരു ഇംഗ്ലണ്ട് താരമായ അലിസ്റ്റര്‍ കുക്ക് മികച്ച ടെസ്റ്റ് താരമായപ്പോള്‍ ശ്രീലങ്ക്രയുടെ കുമാര്‍ സംഗക്കാരയാണ് മികച്ച ഏകദിന കളിക്കാരന്‍. മികച്ച ഏകദിന കളിക്കാരനുള്ള അവാര്‍ഡിന് പുറമെ പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡുംസംഗക്കാരക്ക് ലഭിച്ചു .

വെസ്റ്റ് ഇന്‍ഡീസ് ലെഗ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിവിനാണ് എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍ റൗണ്ടര്‍ സ്റ്റെഫിനാ ടെയ്‌ലറിന് ലഭിച്ചപ്പോള്‍ പാക്കിസ്താന്റെ അലി ദാര്‍ ഏറ്റവും മികച്ച അംപയര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.