കൊളംബോ:  നിലവിലെ ഇന്ത്യന്‍ ടീമിന്റെ പ്രധാനപ്രശ്‌നം ബൗളിങ്ങിലെ ഫോമില്ലായ്മയാണെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. എന്നാല്‍ ഇത് അടുത്തിടെ തുടങ്ങിയ പ്രശ്‌നമല്ലെന്നും ടീം ഇന്ത്യ എക്കാലവും നേരിട്ട പ്രശ്മാണെന്നും ധോണി പറഞ്ഞു.

എന്‍.സി.സി മൈതാനത്ത് ടീമിന്റെ പരിശീലനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ടീമിലെ ചില താരങ്ങളുടെയെങ്കിലും ഫോമില്ലായ്മ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഏഴു ബാറ്റ്‌സ്മാന്മാരും നാലു ബൗളര്‍മാരും എന്ന അനുപാതത്തില്‍ കളിക്കാനാണ് ടീമിന്റെ പരിപാടി. നാല് ബൗളര്‍മാരില്‍ മൂന്ന് പേസ് ബൗളര്‍മാരും ഒരു സ്പിന്നറും കളിക്കും. എന്നാല്‍ അതത് ദിവസത്തെ സാഹചര്യത്തിനനുസരിച്ച് ഈ ഘടനയില്‍ മാറ്റമുണ്ടാകാം. ബാറ്റിങ് നിര മികച്ച ഫോമിലാണ്.

ഒരു സ്പിന്നര്‍ മാത്രമാണെങ്കില്‍ ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍ എന്നിവരിലാരെങ്കിലുമായിരിക്കും ഇറക്കുക. പാക്കിസ്ഥാനെതിരെ നാല് വിക്കറ്റ് വീഴ്ത്താനായത് അന്തിമ ഇലവനില്‍ കയറാന്‍ അശ്വിന് മുന്‍തൂക്കം നല്‍കിയേക്കും.

ആദ്യമല്‍സരത്തിലെ എതിരാളികളായ അഫ്ഗാനിസ്ഥാനെ ലാഘവത്തോടെ കാണുന്നില്ലെന്നും അവര്‍ മികച്ച രീതിയില്‍ പരിശീലനം നടത്തിയ ടീമാണെന്നും ധോണി പറഞ്ഞു.