Categories

ഐ.സി.സി. റാങ്കിങ്: ധോണി മൂന്നാമത്

ദുബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ഐ.സി.സി റാങ്കിങില്‍ സ്ഥാനക്കയറ്റം. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 5-0ന് ജയിച്ച ഇന്ത്യക്കായി പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ധോണി കാഴ്ചവെച്ചത്.

അഞ്ച് മത്സരത്തില്‍ നിന്നായി 212 റണ്‍സ് സ്വന്തമാക്കിയ ധോണിയെ ഒരിക്കല്‍പോലും ഔട്ടാക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. പരമ്പരയുടെ താരത്തിനുള്ള അവാര്‍ഡും ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയിരുന്നു. മദ്ധ്യ നിര ബാറ്റ്‌സമാന്‍ വിരാട് കോഹ്‌ലിയാണ് ധോണിയെകൂടാതെ ആദ്യ പത്തിലിടം പിടിച്ച ഒരോയൊരു ഇന്ത്യന്‍ താരം. കോഹ്‌ലി അഞ്ചാം സ്ഥാനത്തുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തന്നെ എ.ബി ഡിവില്ലേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ഇംഗ്ലണ്ടിന്റെ ജൊനാഥന്‍ ട്രോട്ട് ധോണിയോടൊപ്പം മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇതാദ്യമായി ആദ്യ ഇരുപതിലിടം കണ്ടെത്തി. പുതിയ റാങ്കിങില്‍ 16 സ്ഥാനം മെച്ചപ്പെടുത്തി ഇരുപതാം സ്ഥാനത്താണ് അശ്വിന്‍. ഇരുപത് കാരനായ ചെന്നൈ സ്വദേശി 10 വിക്കറ്റാണ് സീരീസില്‍ നേടിയത്.

മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജയും റാങ്കിങ് മെച്ചപ്പെടുത്തി. പരമ്പരയില്‍ 11 വിക്കറ്റ് വീഴ്ത്തിയ ജഡേജ 12 സ്ഥാനം മെച്ചപ്പെടുത്തി 26-ാംമതെത്തി. ആള്‍റൗണ്ടര്‍മാരുടെ റാങ്കിങിലും 11സ്ഥാനം മുന്നോട്ട് കയറിയ ജഡേജ പന്ത്രണ്ടാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ ഒന്നാമതായിരുന്ന ഇംഗ്ലണ്ടിന്റെ ഗ്രയിം സ്വാനിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കല്‍ കരിയറിലാദ്യമായി ഒന്നാം സ്ഥാനത്തെത്തി.

ഇന്ത്യക്കെതിരായ പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിയതാണ് സ്വാനിന്റെ റാങ്കിങ് പിറകോട്ടടിച്ചത്. ഒന്നാം സ്ഥാനത്തിന്റെ ഗ്ലാമറോടെ പന്തെറിയാനെത്തിയ സ്വാന് പരമ്പരയില്‍ 95.50 ആവറേജില്‍ വെറും രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ന്യൂസിലാണ്ടിന്റെ ഡാനിയല്‍ വെറ്റോറിയാണ് രണ്ടാം സ്ഥാനത്ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.