കൊല്‍ക്കത്ത: ഒരിക്കല്‍ കൂടി ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്റെ കളി പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് സാമാന്യം ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ 162 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ വാലറ്റത്തിന്റെ കൂട്ട് പിടിച്ച് ധോണി ഇരുനൂറ് കടത്തുകയായിരുന്നു. 69 പന്തില്‍ മൂന്ന് ഫോറുകളുടെയും നാല് സിക്‌സറിന്റെയും സഹായത്തോടെ 75 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു.നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

Subscribe Us:

ഫോമിലല്ലാത്ത പാര്‍ഥിവ് പട്ടേലിന് പകരം ഓപ്പണറുടെ റോളിലെത്തിയ ഗംഭീര്‍ മൂന്നാം ഏകദിനത്തിലെ ഹീറോ രെഹാനെയ്‌ക്കൊപ്പം മികച്ച തുടക്കമാണ് നല്‍കിയത്. ഇന്ത്യന്‍ സ്‌കോര്‍ 80ലെത്തിയപ്പോള്‍ ഗംഭീറിനെ വീഴ്ത്തി ബ്രെസനന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. അതേ സ്‌കോറിന് മൂന്ന് വിക്കറ്റുകള്‍ വീണത് ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന ് തോന്നലുളവാക്കി.

എന്നാല്‍ പിന്നീടെത്തിയ തിവാരിയും(24) റെയനയും(38) ജഡേജയും(21) സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്താന്‍ സഹായകമായി. വാലറ്റത്തെ പ്രവീണ്‍ കുമാറിന്റെ(16) മിന്നലടികളും ഇന്ത്യക്ക സഹായകമായി. അവസാന രണ്ടോവറില്‍ 39റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. ഇംഗ്ലണ്ടിനായി സമിത് പട്ടേല്‍ മൂന്നും ഫിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.