കൊളംബോ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭീഷണിയില്‍ പേടിക്കുന്നവരല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ എന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ബൗണ്‍സര്‍ എറിയുമെന്നും മറ്റും ഓസ്‌ട്രേലിയക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അത്തരം പ്രസ്താവനകള്‍ പ്രകോപിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ധോണി പറഞ്ഞു.

Ads By Google

ഇന്ത്യന്‍ ടീമിനെതിരെ ബൗണ്‍സറുകളെറിയുമെന്ന്‌ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ പാറ്റ് കുമ്മിന്‍സ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ധോണി.

‘മൈതാനത്തിന് പുറത്തെ വാചകമടികളില്‍ വിശ്വസിക്കുന്നില്ല. കഴിവ് തെളിയിക്കേണ്ടത് കളിച്ച് കാണിച്ചാണ് അല്ലാതെ വാചകമടിയിലൂടെ ഭയപ്പെടുത്താന്‍ ശ്രമിച്ചിട്ടല്ല.

ബൗണ്‍സര്‍ എറിയുമെന്നാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പറഞ്ഞത്. അവര്‍ ബൗണ്‍സര്‍ എറിഞ്ഞാല്‍ അതിനെ സിക്‌സ് ലൈന്‍ കടത്താനുള്ള കഴിവ് ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ക്ക് ഉണ്ട്. അതുകൊണ്ട് അത്തരം ഭീഷണികള്‍ വിലപ്പോവില്ല. ഇന്ത്യന്‍ ടീം കരുത്തരാണ്. മത്സരം എങ്ങനെ വരും എന്ന് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ജയിക്കാമെന്ന വിശ്വാസത്തിലാണ് ടീം ഇന്ന് ഇറങ്ങുന്നത്’-ധോണി പറഞ്ഞു.

പ്രേമദാസ സ്‌റ്റേഡിയത്തിലെ പരിശീലനത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കളിക്കളത്തിലും പുറത്തും ഇന്ത്യന്‍ ടീം വലിയ സമ്മര്‍ദത്തിലാണെന്ന് ധോണി സമ്മതിച്ചു. ടീമില്‍ നിന്നും ജനം വലിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന തോന്നല്‍ ഓരോ ടീമംഗങ്ങള്‍ക്കുമുണ്ട്.

സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് തുടങ്ങിയവരെല്ലാം മുതിര്‍ന്ന താരങ്ങളാണ്. തന്ത്രപ്രധാനമായ തീരുമാനങ്ങളില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്. യുവ കളിക്കാര്‍ക്ക് അവരെല്ലാം ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ഓരോ മത്സരം കഴിയുമ്പോഴും പുതിയതാരങ്ങള്‍ മികവിലേക്കുയരുന്നുമുണ്ട്. ഇതെല്ലാം ടീമിന് പ്രതീക്ഷ പകരുന്നതാണെന്നും ധോണി പറഞ്ഞു.