എഡിറ്റര്‍
എഡിറ്റര്‍
ആധുനികതയെ വെല്ലുവിളിക്കുന്നുവെന്നു ധരിച്ചു രണ്ടു ലോഡ് ശവം വീഴ്ത്തിയ മല്ലു ആനന്ദമാര്‍ഗികള്‍
എഡിറ്റര്‍
Wednesday 8th March 2017 8:55pm

 

“സ്ത്രീക്കു ലഭിക്കുന്ന സാമൂഹിക അധികാരത്തെ വിലയിരുത്തി കൊണ്ടു മാത്രമേ സാമൂഹിക പുരോഗതി വിലയിരുത്തുവാന്‍ കഴിയൂ” – കാറല്‍ മാര്‍ക്സ്


”തൃശ്ശൂരില്‍ ഒരു കുട്ടി ലൈംഗിക ആക്രമണം നേരിട്ടിരിക്കുന്നുവെന്നു ആരോപണം വന്ന സ്ഥിതിയ്ക്കു കേരളത്തിലെ പീഡോഫൈല്‍സിനു ഇനിയങ്ങോട്ട് കാര്യങ്ങള്‍ അത്ര സുഖകരമാകില്ല.”


കിരീടം എന്ന സിനിമയില്‍ കീരിക്കാടന്‍ ജോസിനെ നേരിട്ട് എതിര്‍ക്കാന്‍ പറ്റാതാകുമ്പോള്‍ അയാളെ തല്ലിയ ചെറുപ്പക്കാരന്റെ പുറകില്‍ നടന്നു കാഴ്ച്ചക്കാരെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെയാണ് കേരളത്തിലെ നവ ആനന്ദമാര്‍ഗികള്‍. മഞ്ച് സിദ്ധാന്തം ഇറക്കി വാദം അടുമുടി പാളി പോയിട്ടും നീഷേയുടെയും ഫൂക്കൊയുടെയും പേരില്‍ വെല്ലുവിളിയുമായി ഈ കൂട്ടം സൈബര്‍ തെരുവിലുണ്ട്.

കാഴ്ച്ചക്കാരോട് എന്നേയും സേതുവിനെയും ഒരുമിച്ചു തല്ലാന്‍ ആളുണ്ടോയെന്നു വെല്ലു വിളിക്കുന്ന ടി കഥാപാത്രങ്ങളെ നീഷേയെങ്ങാനും ഇതേ തെരുവില്‍ വെച്ചു കണ്ടുമുട്ടിയിരുന്നെങ്കില്‍ സ്വന്തം ചെലവില്‍ വിഡ്ഢിത്തം എഴുന്നുള്ളിക്കാന്‍ ഇവന്മാരോട് ആവശ്യപെടുമായിരുന്നു!


Also read മഞ്ചുവ്യക്തിയുടെ നന്മകാണ്ഡവും പിഞ്ച് കുഞ്ഞുങ്ങളുടെ കഷ്ടകാണ്ഡങ്ങളും,,!


പീഡോഫൈല്‍സ് എന്ന സൈക്കാട്രിക്ക് ഡിസോര്‍ഡറുമായി ബന്ധപ്പെട്ട ഒരു സംവാദത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പിന്തുടരുന്നവര്‍ക്ക് ഇങ്ങനെയേ ഈ ചെറു കൂട്ടത്തെ വിലയിരുത്താന്‍ കഴിയൂ.

കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സാമൂഹ്യ അവസ്ഥയെ കുറിച്ച് കുറ്റകരമായ നിശബ്ദത പുലര്‍ത്തുകയും കുഞ്ഞുങ്ങളുടെ മുകളില്‍ സ്വന്തം ആനന്ദമാര്‍ഗം പ്രാമാണീകരിക്കാന്‍ നടക്കുന്നവര്‍ക്കു വേണ്ടി വേണ്ടുവോളം വാചാലരാകുകയും ചെയ്യുന്ന സവിശേഷമായ cult ഈ ചെറുകൂട്ടത്തിനു കാണാം.

പീഡോഫൈല്‍സിനു മാത്രമല്ല കൊലപാതകം ചെയ്തവര്‍ക്കും മനുഷ്യാവകാശങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് കൊലചെയ്യപെടാതിരിക്കാനുള്ള ഒരു മനുഷ്യന്റെ അവകാശവും. ലൈംഗികമായി പീഡിപ്പിക്കപെടാതിരിക്കാന്‍ കുട്ടിക്കും ഇതേ അവകാശമുണ്ട്.

കുട്ടിയുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഏതൊരാളും നിയമപരമായി തന്നെ ശിക്ഷിക്കപ്പെടുന്നുവെന്നു ഉറപ്പു വരുത്തേണ്ടത് ഒരു സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകുന്നത് അവിടെയാണ്.

പീഡോഫിലീയ എന്ന ചിന്തയില്‍ നിന്നും പ്രയോഗിക്കപ്പെടുന്നതോടെ അതൊരു കുറ്റകൃത്യമായി പരിഗണിക്കപ്പെടുകതന്നെ ചെയ്യും. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ നിയമനടപടികളെ നേരിടേണ്ടിയും വരും.


കുഞ്ഞുങ്ങള്‍ക്ക് ലൈംഗികത ഉണ്ടാകില്ലെന്ന് തിരിച്ചറിവുള്ള ആരെങ്കിലും പറയുമെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ പീഡോഫീലിയയെ എതിര്‍ക്കുന്നതിന്റെ കാരണം കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധ്യത്തില്‍ നിന്നുമാണ്.

മുതിര്‍ന്ന വ്യക്തിക്കു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയിലുണ്ടാവുന്ന ലൈംഗിക ആസക്തി പ്രവൃത്തിയിലേക്ക് കടക്കുന്നതോടെ അവിടെ കുട്ടി ആക്രമിക്കപ്പെടുകയാണ്.

പഠനങ്ങള്‍ പരിശോധിച്ചാല്‍ രക്തബന്ധ കുടുംബ വ്യവസ്ഥയില്‍ കുട്ടികളുമായി ലൈംഗിക ബന്ധം സാധ്യമായിരുന്നുവെങ്കില്‍ അതിനു ശേഷമുണ്ടാകുന്ന പുനലുവന്‍ കുടുംബ വ്യവസ്ഥയില്‍ അച്ഛനമ്മമാരും മക്കളുമായുള്ള ലൈംഗിക ബന്ധം ഒഴിവാക്കുന്നതായി കാണാം. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗിക ബന്ധങ്ങളും ഈ വ്യവസ്ഥയില്‍ ഒഴിവാക്കപ്പെട്ടിരുന്നു.

അമ്മയുമായിയുള്ള ലൈംഗിക ബന്ധം ഒഴിവാക്കിയപ്പോഴാണ് മനുഷ്യനു അമ്മയെ ലഭിച്ചത്. ശ്രേണിയില്‍ പിന്നീടുണ്ടായ യുഗ്മ കുടുംബ വ്യവസ്ഥയിലും ഏകപത്നീ വ്യവസ്ഥയിലും കുട്ടികളുമായുള്ള ലൈംഗിക ബന്ധം ഒഴിവാക്കപ്പെട്ടിരുന്നുവെന്നു കാണാം.

തീ കണ്ടുപിടിച്ച നാളുകളില്‍ മാതൃമേധാവിത്വം നിലനിന്നിരുന്നുവെങ്കില്‍ വീടിനു പുറത്തുള്ള കൃഷിയും കന്നുകാലി മേക്കലും സ്വകാര്യ സ്വത്തുക്കള്‍ ആയി പരിഗണിക്കപ്പെടുന്ന കാലം വന്നതോടെ പിതൃമേധാവിത്വം കടന്നു വരികയും സ്ത്രീകള്‍ കേവലമൊരു പ്രത്യുല്പാദന ജീവിയായി മാറുകയും ചെയ്തു.

ഇതെല്ലാം ആധുനിക ഭരണകൂടം നിയമ നിർമ്മാണ സഭകളിൽ ഒത്തുകൂടി ഉണ്ടാകിയ നിയമങ്ങള്‍ അല്ല. മറിച്ചു ആതാതു കാലത്തെ സാമൂഹ്യ വ്യവസ്ഥകള്‍ നിര്‍മ്മിച്ചവയാണെന്നും തിരിച്ചറിയാന്‍ കഴിയണം.

കുട്ടികള്‍ക്ക് മുതിര്‍ന്നവരെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ജൈവികമായ കഴിവില്ലായ്മയെ തിരിച്ചറിഞ്ഞുള്ള സമൂഹ വ്യവസ്ഥകളായിരുന്നു നിയമങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. മാത്രമല്ല കുഞ്ഞുങ്ങളുടെ ലൈംഗികത അവരുടെ ശരീര കോശ വളര്‍ച്ചക്കൊപ്പവും സാമൂഹ ജീവിയെന്ന നിലയില്‍ ലഭിക്കുന്ന അറിവുകള്‍ക്കും അധികാരത്തിനുമൊപ്പം വളരുന്ന ഒന്നാണ്.


Related one: മഞ്ച് ഒരു മാരകായുധമാണ്..!


തുല്യമായ വിശേഷാവകാശങ്ങളും അധികാരങ്ങളും അനുഭവിക്കുന്നവര്‍ക്കിടയില്‍ ഉണ്ടാകേണ്ട ഒന്നാണു ലൈംഗിക സ്വാതന്ത്ര്യമെന്ന ആശയം. നിലവില്‍ നാം ആധുനിക സാമൂഹ്യ വ്യവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴും, മുതിര്‍ന്ന വ്യക്തിയുടെ വയസിനെ എങ്ങിനെ നിര്‍ണ്ണയിക്കാമെന്നതിനെ കുറിച്ച് ചില തര്‍ക്കങ്ങള്‍ ഉന്നയിക്കാന്‍ കഴിയുകയില്ലേയെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും കഴിയും എന്നു തന്നെയാണ് ഉത്തരം.

ഉദാഹരണമാണ് Protection of Children from Sexual Offences Act (POCSO) എന്ന നിയമം. നാഗരികര്‍ക്ക് ഭൂരിപക്ഷമുള്ള നിയമനിര്‍മ്മാണ സഭകള്‍ ഉണ്ടാക്കിയ ഈ നിയമം പ്രയോഗത്തില്‍ ആദിവാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം നടന്നെന്നും പറഞ്ഞു ആധുനിക ഭരണകൂടം നിരവധി ആദിവാസികളെ അറസ്റ്റ് ചെയ്തു തുറങ്കില്‍ അടച്ചിട്ടുണ്ട്.

നിലവിലെ നിയമത്തിന്റെ ന്യൂനതയായി ഇതിനെ വിലയിരുത്തുമ്പോഴും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നിരോധിക്കുന്ന നിയമം അപ്പാടെ പിന്‍വലിക്കപെടേണ്ടതുണ്ടോ എന്നുള്ളത് മൗലികമായ ചോദ്യമായി അവശേഷിക്കുന്നു.

ആദിവാസികളുടെ ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കു ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന അവകാശങ്ങള്‍ പരിഗണിച്ചു കൊണ്ടു ആ നിയമത്തില്‍ ഇളവുകള്‍ വരുത്തുകയല്ലേ സത്യത്തില്‍ ചെയ്യേണ്ടത്?

ഒരു തരത്തിലുമുള്ള നിരോധനങ്ങള്‍ പാടില്ലെന്നാണ് നവ ആനന്ദമാര്‍ഗികളുടെ മറ്റൊരു താര്‍ക്കികയുക്തി. അമേരിക്കയെ ബെഞ്ച് മാര്‍ക്കായി വിലയിരുത്തിയാണ് പല മല്ലു അമാക്രികളും (അനാര്‍ക്കി+അമാനവര്‍) നിലപാടുകള്‍ സ്വീകരിക്കുന്നത്.

മര്‍ദ്ദനത്തിനെതിരെയുള്ളതോ ചൂഷണങ്ങള്‍ക്കെതിരെയുള്ളതോ ആയ നിരോധനം ആയാല്‍ പോലും അവയെല്ലാം ബ്രാഹ്മണിക്കലാണെന്ന് വ്യാഖ്യാനിച്ചു കളയും അമാക്രികള്‍! എന്നാല്‍ അമേരിക്കയില്‍ എബ്രഹാം ലിങ്കണ്‍ 1863ല്‍ അടിമത്വം നിയമം മൂലം നിരോധിക്കുകയായിരുന്നുവെന്നുള്ള ചരിത്ര യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയും ചെയ്യും.

അന്ന് അടിമത്വം സ്വാഭാവികമായി ഇല്ലാതാകുകയായിരുന്നില്ല. ഇന്നായിരുന്നെങ്കില്‍ അടിമകള്‍ അടിമത്വം ആസ്വദിക്കുന്നുണ്ടെന്നും പ്രതിരോധിക്കാന്‍ അവര്‍ക്ക് സ്വയം കഴിയുമെന്നുമെല്ലാം അത്യന്താധുനിക സിദ്ധാന്തം മല്ലു അമാക്രികള്‍ ഉണ്ടാക്കിയെടുത്തേനെ. ചോദ്യം ചെയ്താല്‍ സിദ്ധാന്ത പേടിയാണെന്നെല്ലാം വെച്ചങ്ങു കാച്ചും. എന്തോന്ന് സിദ്ധാന്തം. അല്ലെങ്കില്‍ തന്നെ ആര്‍ക്കാണ് ഈ ‘പ്രമുഖ’ ആനന്ദമാര്‍ഗികളെ ഭയം!

 


വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമായിരിക്കണം സംവാദമെന്നു കേരളം കേള്‍ക്കുന്നതു ശ്രീ നാരായണ ഗുരുവില്‍ നിന്നാണ്. മനുഷ്യാവകാശത്തിന്റെ വ്യാജ കര്‍തൃത്വങ്ങളും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ കുറിച്ചെല്ലാം വലിയ വായില്‍ ഡയലോഗുകള്‍ അടിക്കുന്നവരും അതിനുശേഷം polemic (അക്ഷരങ്ങള്‍ കൊണ്ടുള്ള ആക്രമണം) ആയി മാത്രം പരസ്യ സംവാദങ്ങളില്‍ സ്വയം അവതരിക്കുമ്പോള്‍ ഗുസ്തിക്കാരുടെ ഇടിസ്ഥലമായി സൈബര്‍ സ്പേസിനെ ചുരുക്കുന്നുണ്ട്.

പുച്ഛത്തിന്റെ ആഗോള ക്വട്ടേഷന്‍ അല്ലാതെ എന്തു പിണ്ണാക്കാണ് ഇവര്‍ സംവാദ ഇടങ്ങളില്‍ മുന്നോട്ടു വെച്ചിട്ടുള്ളത്? മോഡെണിറ്റിയോടുള്ള എതിര്‍പ്പുകളുടെ ഉച്ചസ്ഥായിയില്‍ മന്ത്രവാദത്തിനിടയില്‍ പോള്ളലേറ്റു സ്ത്രീ മരിക്കുമ്പോഴും മോഡേണ്‍ മെഡിസിനെതിരെ തിരിയുന്ന ആധുനികതാ വിരുദ്ധരെയും ഈ അമാക്രികളില്‍ കാണാം.


പൗരനു നല്‍കേണ്ട ആതുരസേവനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും കോര്‍പ്പറേറ്റുകള്‍ മോഡേണ്‍ മെഡിസിനെ വില്പന ചരക്കാക്കി മാറ്റുകയും ചെയ്യുന്ന കാലത്ത് മന്ത്രവാദത്തെ കൂട്ടുപിടിക്കല്‍ അല്ല ബദല്‍. പകരം, സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറിയാല്‍ പോലും ആധിനുക വൈദ്യശാസ്ത്രത്തെ ജനകീയമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കളക്റ്റീവുകള്‍ നിര്‍മ്മിക്കുകയെന്നുള്ളതാണ് ബദല്‍.

ഉല്‍പാദന സഹകരണസംഘങ്ങള്‍ അത്തരത്തിലൊരു ബദല്‍ സാധ്യതയാണ്. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ചൂഷണ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതിനോടൊപ്പം ബദല്‍ സംവിധാനങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതും ചോദ്യം ചോദിക്കുന്നവര്‍ക്കാകാമല്ലോ.

അതൊന്നും ചെയ്യാതെ സ്വന്തം ആനന്ദത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും അതിനൊപ്പം ആധുനിക വൈദ്യശാസ്ത്രം നാളിതുവരെ മനുഷ്യ വംശത്തിനു നല്‍കിയ എല്ലാ സംഭാവനകളെയും redicule ചെയ്യുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ടി കക്ഷികള്‍. ഇതൊക്കെ പോരാഞ്ഞിട്ടാണ് പ്രാങ് മുതലാളിത്ത വ്യവസ്ഥകളെ കാത്തുരക്ഷിക്കാനുള്ള പെടാപാടുകളും!

ആധുനികത നാളത്രയും പരിഗണിക്കാതിരുന്ന ചില പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ ഒരു പരിധിവരെ ആധുനികത വിമര്‍ശകര്‍ക്ക് പങ്കുണ്ട്. സെക്ഷ്വല്‍ മൈനോറിറ്റികളുടെ കാര്യത്തില്‍ അവരുടെ വിമര്‍ശനങ്ങളില്‍ കാമ്പുണ്ടായിരുന്നു.

1970കളില്‍ അമേരിക്കയുടെ ബൂര്‍ഷാ ജനാധിപത്യത്തിന്റെ പരാധീനതകള്‍ക്കെതിരെയുള്ള കലഹമായി ഈ ഐഡന്റിറ്റി മൂവ്മെന്റുകള്‍ ഉയര്‍ന്നു വന്നത്. സെക്ഷ്വല്‍ മൈനോറിറ്റികള്‍ക്ക് സാമൂഹിക അംഗീകാരം നേടികൊടുക്കുന്നതില്‍ അഭിനന്ദാര്‍ഹമായ പങ്കുള്ള കാര്യം നിസ്സ്തര്‍ക്കമാണെന്നു പറയാന്‍ മടിയൊന്നുമില്ല.

ബൂര്‍ഷാ ജനാതിപത്യത്തിന്റെ വിമര്‍ശനം എന്ന നിലയില്‍ രംഗത്തെത്തിയ റിഫോര്‍മിസ്റ്റ് ഗ്രൂപ്പുകളെ ബൂര്‍ഷാ ജനാധിപത്യം മൂലധനത്തെ ഉപയോഗിച്ചു ഹൈജാക്ക് ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീടുള്ള നാളുകളില്‍ കാണാന്‍ കഴിഞ്ഞതും. പറഞ്ഞുവന്നത് ആധുനികത അതിനോട് സ്വയം വിമര്‍ശനം നടത്തുന്നേയില്ല എന്നല്ല മറിച്ചു സ്വയം വിമര്‍ശനം ആധുനികതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നു ആധുനികതാ വിരുദ്ധര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇടതന്മാര്‍ക്ക് ശരീരത്തെ ഭയമാണെന്നും അതിനെ കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നെല്ലാം ഒരു ആനന്ദമാര്‍ഗി എഴുതി വെക്കുകയുണ്ടായി. ആ സാറിനോട് ആരെങ്കിലും കെ.ദാമോദരനെയും എംഗല്‍സിനെയും വായിക്കാന്‍ സജസ്റ്റ് ചെയ്യണം.


പിതൃമേധാവിത്വം ആവിര്‍ഭവിക്കുന്ന ചരിത്രത്തെ കുറിച്ച് വിവരിക്കുന്നിടത്തു എംഗല്‍സ് എഴുതുകയുണ്ടായി: ”മാതൃമേധാവിത്വം മറിച്ചിടപെട്ടതു സ്ത്രീവിഭാഗത്തിനു പറ്റിയ ചരിത്രപരവും ലോകവ്യാപകവുമായ പരാജയമായിരുന്നു. വീട്ടില്‍ക്കൂടിയും പുരുഷന്‍ മേധാവിത്വം കയ്യേറ്റു. സ്ത്രീയുടെ അധികാര അവകാശങ്ങള്‍ തകര്‍ക്കപെട്ടു. അടിമയുടെ നിലയിലേക്ക് താഴ്ത്തപെട്ടു. അവള്‍ അവന്റെ മൃഗീയ വികാരങ്ങള്‍ക്കടിമയായി തീര്‍ന്നു. സാന്താനോല്‍പാദനത്തിനുള്ള ഒരുപകരണം മാത്രമായിതീര്‍ന്നു”

എംഗല്‍സ് തുടരുന്നു ”ഏകപത്നീ വ്യവസ്ഥ പുരുഷന്റെ മേധാവിത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അച്ഛനാരെന്നു സംശയം വരാതിരിക്കത്തക്കവണ്ണമുള്ള സന്താനോല്‍പാദനമാണ് അതിന്റെ വ്യക്തമായ ഉദ്ദേശ്യം. കാലാന്തരത്തില്‍ കുട്ടികള്‍ക്കു തങ്ങളുടെ പിതാവിന്റെ പിന്തുടര്‍ച്ചാവകാശക്കാരെന്ന നിലക്ക് അച്ഛന്റെ സ്വത്തു കിട്ടാനിടവരണമെന്നുള്ളത് ഇത്തരമൊരു വ്യവസ്ഥയുണ്ടാവാനിടയായത്.”

മറ്റൊരിടത്ത് എംഗല്‍സ് എഴുതുന്നു: ”മാര്‍ക്സും ഞാനും കൂടി 1846 ല്‍ എഴുതിയ അപ്രകാശിതമായ പ്രബന്ധത്തില്‍ പറഞ്ഞിരുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള തൊഴില്‍ വിഭജനത്തില്‍ ഒന്നാമത്തേത് പ്രസവമാണ്. ഇന്നു അതിന്റെ കൂടെ ഇത്രയും കൂടി പറയാം; ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന വര്‍ഗ്ഗവൈരുദ്ധ്യം ഏകാഭാര്യത്വവിവാഹത്തില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വൈരുദ്ധ്യമാണ്. പുരുഷന്‍ സ്ത്രീയെ അടിമപ്പെടുത്തിയത് ആദ്യത്തെ വര്‍ഗ്ഗ മര്‍ദ്ദനവും.”

 

 

കേവലമായ നരവംശപഠനങ്ങള്‍ കൊണ്ടു മാത്രം സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയവ്യവസ്ഥയെ നിര്‍ണ്ണയിക്കുക സാധ്യമല്ലെന്ന് എംഗല്‍സ് വ്യക്തമാക്കുന്നുണ്ട്. മോര്‍ഗന് മനസിലാകാത്തത് എംഗല്‍സിനു മനസിലായതും പഠനത്തിനായി ഉപയോഗിച്ച അളവുകോലിലെ വ്യത്യാസമാണ്.

കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന ടെക്സ്റ്റ് നരവംശ ശാസ്ത്രജ്ഞരുടെയും മാര്‍ക്‌സിസ്റ്റുകളുടെയും സ്ത്രീവാദ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും ഇടയില്‍ നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിഷയമായ ഒന്നാണ്.

ലൈംഗികതയെ കുറിച്ചും പുരുഷകേന്ദ്രീകൃത വ്യവസ്ഥ സ്ത്രീകളെ അരികുവല്‍ക്കരിക്കപെട്ടതിനെ കുറിച്ചും ഉത്പാദന ബന്ധങ്ങള്‍ മാറിയപ്പോഴും സ്വകാര്യസ്വത്ത് കൈവശപെടുത്തുമ്പോഴും എങ്ങിനെയാണ് അതുവരെ നിലനിന്നിരുന്ന വിവിധ വ്യവസ്ഥകള്‍ മാറിയതെന്നും കക്ഷി നല്ല വെടുപ്പായി എഴുതി വെച്ചിട്ടുണ്ട്.

നീതിയുടെ പക്ഷമെന്നും പറഞ്ഞു നടക്കുന്ന ആധുനികതാ വിരുദ്ധരുടെ ഇരട്ടത്താപ്പ് പല പ്രധാനഘട്ടത്തിലും പ്രകടമായി തന്നെ പുറത്തു വന്നിട്ടുള്ളതാണ്. ഇത്രമാത്രം നീതി ബോധമുള്ള ഇവര്‍ക്കു ‘മിച്ചമൂല്യ’ത്തോടുള്ള എത്തിക്കല്‍ നിലപാട് എന്താണെന്നു ആരെങ്കിലും ചോദിച്ചു നോക്കണം.

മിച്ചമൂല്യം കയ്യടക്കിയിരിക്കുന്നത് ആരാണ് എന്നായിരുന്നു ആധുനികത ഉന്നയിച്ച കാതലായ ചോദ്യം. മിച്ചമൂല്യത്തിന്റെ കയ്യടക്കല്‍ നീതിപൂര്‍വ്വമാണോ? അതില്‍ വയലന്‍സ് അടങ്ങിയിട്ടുണ്ടോ? മിച്ചമൂല്യം കയ്യടക്കി വെച്ചവരെ ചോദ്യം ചെയ്യാന്‍ ഇവരെ കാണാത്തതെന്തുകൊണ്ടാണ്? തൊഴിലാളി സമരങ്ങളില്‍ ഇവരെ കാണാത്തത് എന്തുകൊണ്ടാണ്? ലോകത്തെ ഏക പ്രശ്നം മൊറാലിറ്റിയാണോ? 24/7 ലൈംഗികതയെ കുറിച്ച് മാത്രം ചിന്തിക്കുന്ന ടി ആനന്ദമാര്‍ഗികള്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി പെടാപാട് പെടുന്ന അടിസ്ഥാന വിഭാഗത്തെ കാണാതെ പോകുന്നതെന്തുകൊണ്ടായിരിക്കാം?


Must read ക്ലൗഡ് സീഡിംഗ് കേരളത്തിലേക്കും; കൃത്രിമ മഴയെകുറിച്ച് കൂടുതല്‍ അറിയാം 


പീഡോഫൈല്‍സിനെ എതിര്‍ക്കുവാന്‍ ആകെ വിജയനിസ്റ്റുകളേയുള്ളൂവെന്നൊരു ബൈനറി നിര്‍മ്മാണവും ഇതിനിടയില്‍ നടക്കുന്നുണ്ട്. ബൈനറിക്ക് പുറത്തുള്ള മനുഷ്യര്‍ ഈ വിക്രിയകള്‍ തിരിച്ചറിയേണ്ടതുണ്ട്.

മുപ്പതുരൂപക്ക് ഒരു ദലിതനെ തല്ലി കൊന്നിട്ട് ഒരു വാര്‍ത്തയോ ചര്‍ച്ചയോ ആകാത്ത സൈബര്‍ സ്പൈസിലാണ് പീഡോഫീലിയ ആഴ്ചകളോളം ചര്‍ച്ചയാകുന്നത്! ഹാരിസണ്‍സ് എന്ന ക്രിമിനല്‍ കമ്പിനിക്ക് വേണ്ടി ഒരു സംസ്ഥാന മന്ത്രി കത്തെഴുതിയെന്ന വാര്‍ത്ത പുറത്തു വന്നിട്ടും തിരഞ്ഞു നോക്കാതെ നിശബ്ദത പാലിക്കുന്ന അതെ ഫേസ്ബുക്ക് തെരുവിലാണ് നാം നില്‍ക്കുന്നത്.

വാല്‍: ഒരേ സമയം ആധുനകതയെ ഉള്‍ക്കൊള്ളുകയും വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ വൈരുദ്ധ്യമില്ലേയെന്നുള്ള ചോദ്യത്തിന് തീര്‍ച്ചയായും വൈരുദ്ധ്യമുണ്ടെന്നാണ് മറുപടി. ആധുനികതയുടെ ഹൃദയത്തില്‍ ആ വൈരുദ്ധ്യാത്മകത ഉണ്ട്. അത്തരമൊരു വിമര്‍ശനമാണ് മാര്‍ക്സ് നടത്തിയത്.

സ്വയം വിമര്‍ശനം ആധുനികതയുടെ സംഭാവനയാണ്. ഈ ആധുനികതയാണ് ജാനധിപത്യ മൂല്യങ്ങളെ കൊണ്ടുവന്നത്. സ്വാതന്ത്ര്യമെന്ന സങ്കല്‍പ്പത്തെ സാമൂഹ്യജീവിതത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിച്ചത്. പുരോഗതിയെ കുറിച്ചുള്ള ആശയങ്ങള്‍ മുന്നോട്ടു വെച്ചത്. ആധുനികതയാണ് വിപണി വികസനത്തെ കുറിച്ച് പറഞ്ഞത്. ആധുനിക തന്നെയാണു മിച്ചമൂല്യ സിദ്ധാന്തം ഉണ്ടാക്കിയത്. ഇതേ ആധുനികതയാണ് ആസൂത്രണത്തില്‍ കൂടിയെ വ്യവസ്ഥാ വിരുദ്ധമായ ബദല്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നു തെളിയിച്ചത്.

ഇതേ ആധുനികതയാണ് പുരുഷകേന്ദ്രീകൃത വ്യവസ്ഥയെ വിമര്‍ശന വിധേയമാക്കിയത്. മതനിരപേക്ഷതയുടെ ആശയങ്ങള്‍ കൊണ്ടു വന്നത്. ഇതേ ആധുനികതയിലാണ് ഫാസിസം ഉണ്ടായത്. ഇതില്‍ ഏതെങ്കിലും ഒരു സംഭവം ചരിത്രത്തിന്റെ അടരുകളില്‍ നിന്നും അടര്‍ത്തി മാറ്റി പര്‍വതീകരിച്ച് അതാണ് ആധുനികതയെന്നു വ്യാഖ്യാനിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു വാസ്തവ വിരുദ്ധമാണെന്നു തിരിച്ചറിയാനുള്ള പാകമായി. മുകളില്‍ പറഞ്ഞ എല്ലാ വൈരുദ്ധ്യങ്ങളും അടങ്ങിയതാണ് ആധുനികത.

1. കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം – എംഗല്‍സ്

2. കുടുംബം – കെ ദാമോദരന്‍

3. ആത്മം അപരം അധിനിവേശം – സുനില്‍ പി ഇളയിടം

4.  www.marxists.org – Marx (Letters)

Advertisement