എഡിറ്റര്‍
എഡിറ്റര്‍
പിണറായി വിചാരിച്ചാലും ചെമ്മീന്‍ സിനിമയുടെ വാര്‍ഷികാഘോഷം നടക്കില്ല: അഖിലകേരള ധീവരസഭ
എഡിറ്റര്‍
Friday 17th February 2017 5:01pm

 

അമ്പലപ്പുഴ: ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടയുമെന്ന് അഖിലകേരള ധീവരസഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍പ്പോലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിവാകരന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്നും കേരളത്തിലെ ഏത് തീരദേശത്ത് ആഘോഷം സംഘടിപ്പിച്ചാലും എതിര്‍ക്കുമെന്നും ദിവാകരന്‍ വ്യക്തമാക്കി.


Also read: കൊട്ടാരക്കര മാര്‍ ഇവാനിയേസ് സ്‌കൂളില്‍ ഏഴാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; മര്‍ദ്ദനം പ്രിന്‍സിപ്പലിന്റെ മുറിയില്‍ 


തകഴിയുടെ ‘ചെമ്മീനെന്ന’ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് രാമുകാര്യാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1965ല്‍ പുറത്തിറങ്ങിയ ‘ചെമ്മീന്‍’. സിനിമ റിലീസ് ചെയ്തിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഏപ്രിലില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ധീവരസഭ രംഗത്തെത്തിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ചിത്രമാണ് ചെമ്മീനെന്നാണ് ധീവരസഭയുടെ ആരോപണം. സിനിമയുടെ പേരില്‍ മത്സ്യത്തൊഴിലാളികളുടെ വീട്ടിലെ കുട്ടികള്‍പോലും ഇന്ന് അപമാനിതരാകുന്നു. സിനിമയിലെ പ്രണയരംഗങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിരക്കാത്തതാണെന്നും മുന്‍ എം.എല്‍.എ കൂടിയായ ദിവാകരന്‍ പറഞ്ഞു.


Dont miss : ബോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍ 


‘സിനിമയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയും. കേരളത്തിലെ ഏത് തീരദേശത്ത് ആഘോഷം സംഘടിപ്പിച്ചാലും ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിചാരിച്ചാല്‍ പോലും ആഘോഷപരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. തീരമേഖലയില്‍ വെച്ച് ആഘോഷപരിപാടി സംഘടിപ്പിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്ത് അതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും’ ദിവകരന്‍ ആവശ്യപ്പെട്ടു.

സിനിമയുടെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെയാണ് സിനിമ റിലീസായി അമ്പത് വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ആരോപണങ്ങളുമായി ധീവരസഭ രംഗത്തെത്തിയിരിക്കുനന്നത്.

Advertisement