എഡിറ്റര്‍
എഡിറ്റര്‍
ധവാന് സെഞ്ചുറി; ഇന്ത്യക്ക് ജയം, പരമ്പര
എഡിറ്റര്‍
Wednesday 27th November 2013 5:40pm

dawan43

കാണ്‍പൂര്‍: വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക്. കാണ്‍പൂരില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസാണ് ജയിച്ചത്.

വിന്‍ഡീസ് ഉയര്‍ത്തിയ 263 എന്ന വിജയ ലക്ഷ്യം മൂന്ന് ഓവറും അഞ്ച് പന്തും ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്റെയും അര്‍ധ സെഞ്ച്വറി നേടിയ യുവരാജിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയതീരത്തടുപ്പിച്ചത്.

95 പന്തുകളില്‍ നിന്നും 20 ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു ധവാന്റെ സെഞ്ച്വറി . ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര 21ന് ഇന്ത്യ സ്വന്തമാക്കി. യുവരാജ് 74 പന്തുകളില്‍ നിന്നുമാണ് 55 റണ്‍സ് നേടിയത്. ഏഴു ബൗണ്ടറികളോടെയായിരുന്നു യുവിയുടെ അര്‍ധ സെഞ്ച്വറി.

രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത്തിനെയും (4) കോഹ്ലിയെയും (19) നഷ്ടമായെങ്കിലും ധവാനും യുവരാജും ചേര്‍ന്ന് കളി രപിടിച്ചെടുക്കുകയായിരുന്നു. സുരേഷ് റെയ്‌ന 34 റണ്‍സെടുത്തു. ധോണിയും (23) ജഡേജയും (2) പുറത്താവാതെ നിന്നു.

നേരത്തെ ടോസ്‌നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗ് ആരംഭിച്ച് വിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കീറോണ്‍ പവല്‍ 70 റണ്‍സും മര്‍ലോണ്‍ സാമുവല്‍സ് 71 റണ്‍സും നേടി.

51 റണ്‍സെടുത്ത് ഡെയ്ന്‍ ബ്രാവോയും 37 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഡാരന്‍ സമിയും പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ ഇരുവരും നടത്തിയ വെടിക്കെട്ടു ബാറ്റിങ് പ്രകടനമാണ് വിന്‍ഡീസ് സ്‌കോര്‍ 250ന് മുകളിലെത്തിച്ചത്.

ഇന്ത്യക്കായി അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഷമി, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴിത്തി.  സെഞ്ചുറി നേടിയ ധവാനാണ് കളിയിലെ കേമന്‍. വിരാട് കോഹ് ലി പരമ്പരയിലെ താരമായി.

Advertisement