രോഗത്തെ പൊരുതി തോല്‍പ്പിച്ച കോളിവുഡ് രാജാവിനുവേണ്ടി മരുമകന്‍ ധനുഷ് പ്രാര്‍ത്ഥിച്ച് ശബരിസന്നിധിയിലെത്തി. രജനിയെ പൂര്‍ണ സൗഖ്യത്തോടെ തിരിച്ചുതന്ന  ദൈവത്തിന് നന്ദിപറയാനും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് താരപുത്രി ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷ് മലചവിട്ടിയത്.

യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനൊപ്പമായിരുന്നു ധനുഷിന്റെ ശബരിമലയാത്ര. അതീവരഹസ്യമായാണ് ഇരുവരും അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തിയത്. യേശുദാസിന്റെ കുടുംബസുഹൃത്ത് കൂടിയായ ശ്രീശങ്കരാ ആയുര്‍വേദ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രദാസിന്റെ വീടായ പെരുന്നയിലെ ശൃംഗേരി തറവാട്ടിലായിരുന്നു പൂജയും കെട്ടുമുറുക്കും നടന്നത്.

ഗുരുസ്വാമി ഗോപാലന്‍നായരാണ് പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൂജകള്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് ശബരിമലയിലെ നിറപുത്തരി കണ്ടുതൊഴാന്‍ ഇരുവരും പുറപ്പെട്ടു.

സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കുശേഷം നാട്ടിലെത്തിയ രജനിക്കുവേണ്ടി പളനി ക്ഷേത്രത്തിലെത്തി ആരാധകര്‍ തലമുണ്ഡനം ചെയ്തിരുന്നു. ഇതിനു പുറമേ ചെന്നൈയിലെ ക്ഷേത്രങ്ങളില്‍ രജനിക്കുവേണ്ടി ആരാധകരുടെ വക പ്രത്യേക പൂജകളുമുണ്ടായിരുന്നു.

ആരോഗ്യവാനായി തിരിച്ചെത്തിയ രജനി ഇപ്പോള്‍ കേളമ്പാക്കത്തെ ഫാം ഹൌസില്‍ വിശ്രമത്തിലാണ് രജനിയിപ്പോള്‍.