കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മരുമകനിത് നല്ല കാലമാണ്. ആടുകളത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്. അതിനുശേഷം ഒരുപിടി നല്ല പ്രോജക്ടുകള്‍. ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ത്രി എന്ന ചിത്രത്തിലൂടെ ഗായകനായുള്ള അരങ്ങേറ്റം. ആദ്യം പാടിയ കൊലവെറി സൂപ്പര്‍ ഹിറ്റ്. ഒടുക്കമിതാ സംവിധാന രംഗത്തേക്കും ചുവട് വ്യാപിപ്പിക്കുകയാണ് ധനുഷ്.

കോളിവുഡിലല്ല, ബോളിവുഡില്‍ തുടങ്ങാനാണ് ധനുഷ് തീരുമാനിച്ചിരിക്കുന്നത്. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകനാകുമെന്നാണ്  സൂചന. അടുത്തിടെ ബോളിവുഡ് ചിത്രത്തിന്റെ കാര്യം സംസാരിക്കുന്നതിനായി ധനുഷ് മുംബൈയിലെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രമായി ചിലര്‍ ധനുഷിന്റെ മനസിലുണ്ട്. ഹൃത്വിക്കിനാണ് അതില്‍ ഏറ്റവും സാധ്യതയെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

സംവിധായകനെന്ന നിലയില്‍ തുടങ്ങുന്നതിന് ധനുഷ് കോളിവുഡ് ഉപേക്ഷിച്ച് ബോളിവുഡ് തിരഞ്ഞെടുത്തത് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതിനിടയ്ക്ക് അഭിനയത്തെക്കുറിച്ചുപോലും ഞാന്‍ ചിന്തിക്കില്ല. ഇത് എന്റെ സ്വപ്‌ന പദ്ധതിയാണ്. ഇതിനുവേണ്ടി എന്റെ എല്ലാ കഴിവും ഞാന്‍ സമര്‍പ്പിക്കും. ആരംഭത്തിലിരിക്കുന്ന ഒരു സിനിമയെക്കുറിച്ച് അധികം പറയുന്നത് ശരിയല്ല. കഥപൂര്‍ത്തിയായശേഷം ചിത്രത്തിലേക്കുള്ള താരനിരയെ നിശ്ചയിച്ച് എല്ലാ കാര്യങ്ങളും ഞാന്‍ പറയാം.’ ധനുഷ് പറയുന്നു.

തന്റെ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട് മുംബൈയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കുമുള്ള യാത്രയുടെ തിരക്കിലാണ് ധനുഷ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് 2012ന്റെ അവസാനം ചിത്രം തുടങ്ങാനാകുമെന്നാണ് നടന്റെ പ്രതീക്ഷ.

Malayalam news

Kerala news in English