ന്യൂദല്‍ഹി: കോളിവുഡ് നവാഗത സംവിധായിക ഐശ്വര്യ തിരക്കിലാണ്. ആദ്യ ചിത്രം 3 പുറത്തിറങ്ങിയിട്ട് ആഴ്ചകളായേ ഉള്ളൂ. ഐശ്വര്യ അടുത്ത ചിത്രത്തിന്റെ പണി തുടങ്ങി. 3യിലെയും ജീവിതത്തിലെയും നായകന്‍ ധനുഷ് പുതിയ ചിത്രത്തിലുണ്ടാവില്ലെന്നാണറിയുന്നത്.

‘ അടുത്ത ചിത്രം തുടങ്ങാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. കുറേക്കാലം മടിപിടിച്ചിരിക്കാന്‍ എനിക്ക് പറ്റില്ല. ജോലി ചെയ്യാനാണെനിക്കിഷ്ടം. സെറ്റുകളില്‍ എനിക്ക് വീടിന്റെ അന്തരീക്ഷമാണ് അനുഭവപ്പെടാറ്’  ഐശ്വര്യ പറയുന്നു. പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഐശ്വര്യ തയ്യാറായില്ല.

അമ്മ ലത രജനീകാന്തും ബന്ധുക്കളും കുട്ടികളെ പരിചരിക്കുന്ന കാര്യത്തില്‍ പിന്തുണ നല്‍കുന്നതിനാല്‍ തനിക്ക് ജോലിയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കി.

ധനുഷുമായി പ്രശ്‌നങ്ങളുണ്ടെന്ന മാധ്യമ പ്രചരണങ്ങളെ പാടേ നിഷേധിച്ച് ഐശ്വര്യ പറഞ്ഞു- ‘ ഇത്രയും സ്‌നേഹനിധിയായ ഭര്‍ത്താവും മനോഹരമായ കുടുംബവും എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ്. അദ്ദേഹം എന്നെ ഒരുപാട് മനസിലാക്കുന്നുണ്ട്. ഞാനും. കൂടുതലൊന്നും പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല.’ ഐശ്വര്യ വ്യക്തമാക്കി.