ന്യൂദല്‍ഹി: ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുപോലും ധനുഷിന് ഇത്രവലിയ പബ്ലിസിറ്റി ലഭിച്ചിട്ടില്ല. ഒറ്റ കൊലവെറികൊണ്ട് പയ്യനങ്ങ് സ്റ്റാറായില്ലേ. ഇന്ത്യമുഴുവന്‍ എന്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍വരെ ഇപ്പോള്‍ കൊലവെറി തരംഗമാണ്. വെറുതെ പറഞ്ഞതല്ല, കൊലവെറി കേട്ട് പ്രധാനമന്ത്രി ധനുഷിനെ ഡിന്നറിന് ക്ഷണിച്ചിരിക്കുകയാണ്.

ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡയ്ക്കുവേണ്ടി പ്രധാനമന്ത്രിയൊരുക്കുന്ന ഡിന്നര്‍ പാര്‍ട്ടിയിലേക്ക് ധനുഷിനെക്കൂടി ക്ഷണിച്ചിരിക്കുകയാണ് അദ്ദേഹം.

‘ഇന്ത്യയിലെയും ജപ്പാനിലെയും പ്രധാനമന്ത്രിക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. അതെനിക്ക് തന്നത് നിങ്ങള്‍ യുവാക്കളാണ്.’ ധനുഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ധനുഷിന്റെ കൊലവെറി ഇന്ത്യയില്‍ മാത്രമല്ല പുറത്തും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. യു ട്യൂബില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഗോള്‍ഡ് വീഡിയോകളുടെ ഗണത്തിലാണു കൊലവെറിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനം ആലപിച്ചതിനു പുറമേ ഗാനം എഴുതിയതും ധനുഷ് തന്നെയാണ്. സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ധനുഷിന്റെ ഭാര്യയും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയാണ്. ചിത്രത്തില്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണു നായികയായി അഭിനയിച്ചിരിക്കുന്നത്. കൊലവെറി വീഡിയോ യു ട്യൂബില്‍ ഇതിനകം രണ്ടു കോടിയോളം പോര്‍ കണ്ടതായാണു കണക്ക്. യു ട്യൂബിനൊപ്പം ടിവി ചാനലുകളിലും ഗാനം വന്‍ഹിറ്റായി മാറിക്കഴിഞ്ഞു. നേരത്തേ കൊലവെറിയുടെ ഫാനാണു താനെന്നു പ്രഖ്യാപിച്ച അമിതാഭ്് ബച്ചന്‍ ധനുഷുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ധനുഷിനായി പ്രധാനമന്ത്രി അത്താഴവിരുന്നൊരുക്കിയിരിക്കുന്നത്.

Malayalam news

Kerala news in English