Categories

ഹോക്കി സ്റ്റിക്കുമായി ധന്‍രാജ് പിള്ള വീണ്ടും കോര്‍ട്ടിലേക്ക്

ന്യൂദല്‍ഹി: ഹോക്കി സ്റ്റിക്കും കയ്യിലേന്തി എതില്‍ ഗോള്‍പോസ്റ്റില്‍ ഗോളുകളുടെ പെരുമഴ തീര്‍ക്കാന്‍ മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും സൂപ്പര്‍താരവുമായ ധന്‍രാജ് പിള്ള വീണ്ടും കളത്തിലേക്ക് തിരിച്ച് വരുന്നു. ഡിസംബര്‍ 17ന് ആരംഭിക്കുന്ന പ്രഥമ ലോക ഹോക്കി സീരിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പിള്ള ടൂര്‍ണമെന്റ് അധികൃതരുമായി കരാറിലൊപ്പിട്ടു.

ഹോക്കി മാന്ത്രികനായ ധ്യാന്‍ചന്ദിന് ശേഷം ഇന്ത്യന്‍ ഹോക്കികണ്ട എക്കാലത്തെയും മികച്ച കളിക്കാരനായാണ് നാല്‍പ്പത്തിയാറുകാരനായ പിള്ളയെ വിലയിരുത്തുന്നത്. ബോള്‍ കണ്‍ട്രോളിങ്ങിലും സ്റ്റിക്ക് വര്‍ക്കിലും അസാമാന്യ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ചിരുന്ന പിള്ള നാല് ഒളിപിക്‌സിലും നിരവധി ലോകകപ്പുകളിലും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

വര്‍ത്തമാന കാലഹോക്കിയിലെ സൂപ്പര്‍ താരങ്ങളോടൊപ്പം കളിക്കാന്‍ വീണ്ടും അവസരമൊത്ത് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാജ്യത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള 1999ലെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ജേതാവ് കൂടിയായ പിള്ള പറഞ്ഞു. യുവ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്ക് ആഗോളതലത്തില്‍ തങ്ങളുടെ മികവ് പ്രദര്‍ശിപ്പിക്കാന്‍ മികച്ച അവസരമാവും ടൂര്‍ണമെന്റെന്നും മത്സരത്തിനായി കടുത്ത പരിശീലനത്തിന് തയ്യാറെടുക്കുകയാണെന്നും ധന്‍രാജ് പിള്ള പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് പോലെ ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും 176ഓളം താരങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ടൂര്‍ണമെന്റാണ് ലോക ഹോക്കി സീരീസ് ടൂര്‍ണമെന്റ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.