കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ റിസര്‍വ് ബാങ്കിന് പരാതിയയച്ചു. ബാങ്കിന്റെ ദുര്‍ബലമായ സാമ്പത്തികസ്ഥിതിയും പ്രവര്‍ത്തനത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഫെഡറേഷന്‍ റിസര്‍വ് ബാങ്കിന് പരാതിയയച്ചത്.

ബാങ്കിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബാങ്ക് യാഥാര്‍ഥ്യം ഓഹരിയുടമകളില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും കോണ്‍ഫെഡറേഷന്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. പരാതിയെതുടര്‍ന്ന് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം ബാങ്ക് ഓഹരികളില്‍ 25 ശതമാനത്തോളം ഇടിവാണുണ്ടായത്.

Subscribe Us:

ഒറ്റദിവസം കൊണ്ട് വിലയില്‍ ഇത്രമാത്രം തിരിച്ചടി നേരിടേണ്ടി വരുന്നത് രണ്ടര വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ്. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബാങ്കിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കി.