തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരി വിദേശത്ത് ബാങ്ക് അക്കൗണ്ട് തുറന്നിരുന്നതായുള്ള ആരോപണം ശരിയാണെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി ജേക്കബ് പുന്നുസ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ദുബായ് എമിറേറ്റ്‌സ് നാഷണല്‍ ബാങ്കിലാണ് തച്ചങ്കരി അക്കൗണ്ട് തുറന്നത്. പിന്നീട്, ഈ അക്കൗണ്ട് പിന്‍വലിച്ചതായും ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ( എം) സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം. എല്‍. എയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കത്ത് നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ ഡി.ജി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

തച്ചങ്കരിയുടെ വിദേശ അക്കൗണ്ട് സംബന്ധിച്ച പരാതി ശരിയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചതായാണ് ഡി.ജി.പി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

ഡി.ജി.പിയുടെ ഈ റിപ്പോര്‍ട്ടും കഴിഞ്ഞദിവസത്തെ തച്ചങ്കരിയുടെ സസ്‌പെന്‍ഷന് ഒരു കാരണമാണ്. നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന തച്ചങ്കരിയെ ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം വീണ്ടും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള പണമിടപാട് കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍, തച്ചങ്കരി വിദേശബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഇതുവരെയും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.