തിരുവനന്തപുരം: ഡി.ജി.പി സിബി മാത്യൂസ് സ്വയം വിരമിച്ചു. ഒരുവര്‍ഷത്തെ സര്‍വ്വീസ് ബാക്കിനില്‍ക്കേയാണ് സിബി മാത്യൂസിന്റെ വിരമിക്കല്‍. വ്യക്തിപരമായ കാരണങ്ങളാല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ അനുവദിക്കണമെന്ന് ഒരുമാസം മുമ്പുതന്നെ സിബി മാത്യൂസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുഖ്യ വിവരാകാശ കമ്മീഷണറായി സിബി മാത്യൂസിനെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

ഏറെ വിവാദങ്ങള്‍ നിറഞ്ഞ പോലീസ് സേവനത്തിനുശേഷമാണ് സിബിമാത്യൂസ് വിരമിക്കുന്നത്. ഇന്റലിജന്റ്‌സ് എ.ഡി.ജി.പി സ്ഥാനത്തുനിന്നുമാണ് മാത്യൂസിനെ ഡി.ജി.പി പദവിയിലേക്ക് ഉയര്‍ത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് കമന്റന്റ് ജനറലായിട്ടാണ് സിബി മാത്യൂസിനെ അവരോധിച്ചത്.

എന്നാല്‍ ഉന്നതനായ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ തന്നെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇടതു-വലതു സര്‍ക്കാറുകള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മാത്യൂസ്.

കേരളരാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസും കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസും ഏറ്റവുമൊടുവില്‍ അന്യസംസ്ഥാന ലോട്ടറിവിവാദം വരെ അന്വേഷിച്ചത് 1977 ബാച്ചുകാരനായ മാത്യൂസായിരുന്നു. കൊച്ചി, തിരുവനന്തപുരം കമ്മീഷണറായും ക്രൈംബ്രാഞ്ച് ഐ.ജിയായി കോഴിക്കോട്ടും സിബി മാത്യൂസ് സേവനമനുഷ്ഠിച്ചിരുന്നു.

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ മാത്യൂസിന് വര്‍ധിച്ചുവരുന്ന ആത്മഹത്യകളെക്കുറിച്ചുള്ള ഗവേഷണത്തിന് എം.ജി സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും ലഭിച്ചിരുന്നു.