തിരുവനന്തപുരം: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്കിലൂടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ച്ച കേരള പോലീസ് ഓഫീസേഴ്‌സ് സംഘടനയുടെ നേതാവിന് ഡി.ജി.പിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ഡി. ആനന്ദിനാണ് ഡി.ജി.പി നോട്ടീസയച്ചത്. അച്ചടക്ക ലംഘനത്തിനും സ്വഭാവദൂഷ്യത്തിനും ശക്തമായ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കാനാണ് ഡി.ജി.പി ആവശ്യപ്പെട്ടിരിക്കുന്നത്.

ആനന്ദിന്റെ ഫെയ്‌സ്ബുക്കില്‍ ചില യൂട്യൂബ് വീഡിയോ ലിങ്ക് ചെയ്തതായി സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് പരിശോധിച്ചത്. കോണ്‍ഗ്രസ് എന്തുകൊണ്ട് അഴിമതി നിരോധന ബില്‍ പാസ്സാക്കുന്നില്ലെന്ന വീഡിയോ ആനന്ദ് ലിങ്ക് ചെയ്തിരുന്നു. അതില്‍ കേന്ദ്രസര്‍ക്കാരിനെയും സോണിയാഗാന്ധിയെയുമെല്ലാം നിശിതമായി വിമര്‍ശിക്കുന്നു. വീഡിയോയുടെ താഴെ ഇതാണു സത്യമെന്ന് ആനന്ദ് രേഖപ്പെടുത്തിയതായും കണ്ടെത്തി.

പോലീസുകാര്‍ക്ക് വിതരണം ചെയ്ത കാന്റീന്‍ സ്മാര്‍ട്ട് കാര്‍ഡും ഇതില്‍ കാണിച്ചിട്ടുണ്ട്. ദേശീയപതാകയുടെ നിറത്തിലാണ് കാര്‍ഡ്. ഈ കാര്‍ഡിന് താഴെ ആനന്ദിന്റെ കമന്റുമുണ്ട്- ‘ സുഹൃത്തുക്കളെ എന്തുകൊണ്ടാണ് ഈ നിറക്കൂട്ട്, ഒന്നുമില്ലെങ്കില്‍ ഇതു കാന്റീന്‍ കാര്‍ഡ് അല്ലേ?- കാര്‍ഡ് അല്ലല്ലോ?’ ഇതെല്ലാം ഫെയ്‌സ്ബുക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് സഹിതം ഡി.ജി.പിക്ക് കൈമാറിയിരുന്നു.

സര്‍വീസ് ചട്ടലംഘനത്തിന് നേതാവിനെതിരെ ശക്തമായ നടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി കാരണംകാണിക്കല്‍ നോട്ടീസയച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗത്തിന്റെ പേരില്‍ നടപടിനേരിടുന്നത്. എ.എസ്.ഐ, എസ്.ഐ, സി.ഐ റാങ്കിലുള്ള എണ്ണായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരുടെ നേതാവാണ് ആനന്ദ്. സി.പി.ഐ.എം അനുകൂല സംഘടനയാണിത്.

Malayalam News

Kerala News In English