കോഴിക്കോട്: എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വെടിയുതിര്‍ത്തതിനെ ന്യായീകരിക്കുന്നതാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ടെന്ന് സൂചന. വിദ്യാര്‍ത്ഥികളുടെ അക്രമം അതിരു വിട്ടപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.

വിദ്യാര്‍ത്ഥികള്‍ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ 37 പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സാഹചര്യം പോലുമില്ലായിരുന്നു. ഈ സാഹചര്യം നേരിടാനാണ് അസിസ്റ്റന്റ് കമ്മീഷണര്‍ നാലു റൗണ്ട് വെടിയുതിര്‍ത്തത്. അതിന് ശേഷമാണ് സ്ഥിതി ശാന്തമായത്.

ഇതിന് ശേഷമാണ് പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ പോലീസ് മാന്വല്‍ അനുസരിച്ചാണോ അസിസ്റ്റന്റ് കമ്മീഷണര്‍ വെടിയുതിര്‍ത്തതെന്ന് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസുകാരനെതിരെ നടപടിയെടുക്കേണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമൊന്നുമില്ല. ഇതില്‍ സര്‍ക്കാറിന് അുയോജ്യമായ തീരുമാനമെടുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ന് രാവിലെയാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചത്. പോലീസ് അതിക്രമത്തെക്കുറിച്ച് ഡി.ജി.പി അന്വേഷിച്ചാല്‍ ശരിയായ വിവരം പുറത്ത് വരില്ലെന്നും അതിനാല്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.