palayam-masjid

തിരുവനന്തപുരം: സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ നടക്കുന്ന മതപ്രസംഗങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിന് മുസ്ലീം പോലീസുകാരെ അയക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ഫെബ്രുവരി ആറാം തീയതി വന്ന പത്രവാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പോലീസ് മേധാവി. വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും പൂര്‍ണ്ണമായും അവാസ്തവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കേരളാ പോലീസോ കേന്ദ്ര പോലീസ് വിഭാഗങ്ങളോ അത്തരം ഒരു നിര്‍ദ്ദേശം നല്‍കുകകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്നതുപോലെയുള്ള യാതൊരു പ്രവര്‍ത്തനത്തിലും പോലീസോ രഹസ്യാന്വേഷണ വിഭാഗമോ ഏര്‍പ്പെടുന്നില്ല.  വിവരശേഖരണം നടത്തുന്നതിന് പോലീസിനും രഹസ്യാന്വേഷണവിഭാഗത്തിനും നിയതവും നിയമപരവുമായ രീതികളുമുണ്ട്.  ഏതെങ്കിലും ഒരു മതവിഭാഗത്തെപ്പറ്റിയോ അവരുടെ ആരാധനയെപ്പറ്റിയോ വിശ്വാസത്തെപ്പറ്റിയോ മതബോധനത്തെ സംബന്ധിച്ചോ അത്തരത്തിലുള്ള പ്രവര്‍ത്തനത്തെപ്പറ്റിയോ പോലീസ് അന്വേഷിക്കുന്നില്ല.  അതേ സമയം മതതീവ്രവാദസംഘടനകളെയും ഇടതുപക്ഷ തീവ്രവാദസംഘടനകളെയും നിരോധിക്കപ്പെട്ട സംഘടനകളെയും അവരുടെ പ്രവര്‍ത്തകരെയും നിരീക്ഷിക്കുന്നുണ്ട്. അത് രാജ്യതാല്‍പര്യത്തിന് ആവശ്യമായ നിയമപരമായ കര്‍ത്തവ്യമാണ്.

പോലീസില്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു മതപ്രാര്‍ത്ഥനയിലും സംബന്ധിക്കുന്നതില്‍ വിലക്കില്ല.  മുസ്ലീം പോലീസ് ഉദ്യോഗസ്ഥരെ പള്ളികളില്‍ നിരീക്ഷണത്തിനായി പ്രത്യേക അലവന്‍സ് കൊടുത്ത് നിയോഗിക്കുന്നു എന്നുള്ള വാര്‍ത്ത മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കുന്നതാണ്.  ആ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല.  തികച്ചും അവാസ്തവമായ ഇത്തരം വാര്‍ത്തകള്‍ മുസ്ലീം സമുദായത്തിലെ സാധാരണക്കാര്‍ക്കിടയില്‍ അരക്ഷിതത്വ ബോധമുളവാക്കാനും മുസ്ലീം മതവിശ്വാസികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനോവീര്യം നഷ്ടപ്പെടുത്തുവാനും സഹോദര സമുദായങ്ങളുടെ ഇടയില്‍ സ്പര്‍ദ്ധ ജനിപ്പിക്കുന്നതിനും കാരണമാകാവുന്നതാണ്.  ഇത്തരം വാര്‍ത്ത സംസ്ഥാനത്തെ സ്വച്ഛമായ സാമുദായിക സൗഹാര്‍ദ്ദത്തിന് എതിരായി വ്യാപകമായ പ്രത്യോഘാതങ്ങള്‍ സൃഷ്ടിക്കാനും കാരണമാകും.

പത്ര ഉടമസ്ഥരും എഡിറ്റോറിയല്‍ അധികാരികളും ഇത്തരം അവാസ്തവമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷം ക്ഷണിച്ചു വരുത്തും.  കേരളാ പോലീസിന്റെ മതേതര പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താതിരിക്കാനും കലുഷിതമായ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

വെളളിയാഴ്ച പ്രസംഗങ്ങള്‍ നടക്കുന്ന മുസ്ലിം പളളികളില്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് ബ്യുറോ(ഐ.ബി)യും സെന്‍ട്രല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും(സി.എസ്.ബി) കേരള ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തേജസ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പളളി മിമ്പറുകളില്‍ നിന്നും ഉണ്ടാകുന്ന വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും കുറിച്ച് അറിയുന്നതിനാണ് ഈ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങിനെ: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തെ തബലീഗ്,നൂരിഷ ത്വരീഖത്ത്, മഅദിനിയുമായി ബന്ധപ്പെട്ട പളളികള്‍,കാന്തപുരം,സുന്നി, മുജാഹിദ,് ജമാഅത്തെ ഇസ്ലാമി, സ്വതന്ത്രസ്വഭാവത്തോടെ നടത്തുന്ന ജുമാഅത്ത് പളളികളില്‍ വെളളിയാഴ്ച പോലിസ് സാന്നിദ്ധ്യമുണ്ട്. അതത് പോലിസ് സ്‌റ്റേഷനുകളിലെ മുസ്ലിം ജീവനക്കാരെ വിവിധ പളളികളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ജില്ലാസ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിമാരാണ് ഇങ്ങനെ ചെയ്യുന്നത്. അതീവ രഹസ്യമായിട്ടാണ് ഈകാര്യം നടക്കുന്നത്. പളളികളിലെ പ്രസംഗങ്ങളിലെ വിഷയങ്ങള്‍ റിപ്പോര്‍ട്ടുകളാക്കി എഴുതി ജില്ലാ ആസ്ഥാനങ്ങളിലേക്കും അവിടെ നിന്നും തലസ്ഥാനത്തേക്കും അയക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. മുസ്ലിം സമൂഹത്തില്‍ ഭരണകൂട വിരുദ്ധവികാരം വളരുന്നുണ്ടോയെന്ന് മനസിലാക്കാനാണ് ഈ രീതി അവംലബിക്കുന്നത്.

ഇ മെയില്‍ വിവാദത്തിനു ശേഷം കേരള സര്‍ക്കാരിനെതിരെ മുസ്ലിം ജനവിഭാഗം അതിശക്തമായ നിലപാടിലാണുളളതെന്ന് കേന്ദ്ര ഇന്റിലിജന്‍സ് വിഭാഗവും കേന്ദ്രസ്‌പെഷ്യല്‍ ബ്രാഞ്ചും വിലയിരുത്തുന്നു. അതിന്റെ  ഗതിവിഗതകളറിയാനാണ് പളളികളിലേക്ക് പോലിസുകാരെ അയക്കണമെന്ന നിര്‍ദ്ദേശത്തിലൂടെ ഉണ്ടായിട്ടുളളത്. വിശ്വാസികള്‍ അറിഞ്ഞാല്‍ വലിയ പ്രകോപാനമാകുമെന്നതിനാല്‍ അതീവരഹസ്യമായാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കുന്നത്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും രഹസ്യഅന്വേഷണ ഏജന്‍സികളുടെയും സഹായം ഇതിന് തേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മലബാറിലെ പളളികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതത് പോലിസ് സ്‌റ്റേഷനുകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചുമതലയുളള പോലിസുകാരാണ് വെളളിയാഴ്ച പ്രസംഗങ്ങളുടെ ക്രോഡീകരിണം നടത്തി ജില്ലാ ആസ്ഥാനങ്ങളിലേക്കയക്കുന്നത്. വിശ്വാസികള്‍ക്കും പളളി അധികൃതര്‍ക്കും. സംശയം തോന്നാത്ത വിധത്തിലാണ് നിരീക്ഷണം നടത്തേണ്ടതെന്നും ഡല്‍ഹിയില്‍ നിന്നുളള ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനു വേണ്ടി മുസ്ലിം പോലിസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. വെളളിയാഴ്ച ഖുത്തുബകളിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് റിപ്പോര്‍ട്ടില്‍ മുന്‍ഗണന നല്‍ക്കേണ്ടതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

സുബൈര്‍ സബാഹി,മുത്തലിബ് അസ്ലമി, അബുല്‍ഹയര്‍ മൗലവി, ടി ആരിഫലി, പി അബ്ദുള്‍ മജീദ് ഫൈസി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി എന്നിവരുടെ ഖുത്തുബകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലിം പളളികലില്‍ അരുതാത്തത് എന്തോ നടക്കുന്ന രീതിയിലാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്.