ന്യൂദല്‍ഹി: ഗുജറാത്തിലെ പൊലീസ്, ഉദ്യോഗസ്ഥ വിഭാഗം ഒന്നാകെ മോഡി ഫോബിയയുടെ പിടിയിലാണെന്ന് ഗുജറാത്ത് മുന്‍  ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത നടപടി ഇതിന്റെ അവസാന തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.

Subscribe Us:

മോഡി ഫോബിയ തലക്കു പിടിച്ച പോലീസ്, ഉദ്യോഗസ്ഥ സംവിധാനം അതനുസരിച്ച് തന്നെയാണിപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. തനിക്കെതിരെ ഉയരുന്ന എല്ലാ വിയോജിപ്പുകളെയും അടിച്ചമര്‍ത്തി സ്വേച്ഛാധിപത്യ ഭരണം തുടരാനുള്ള മോഡിയുടെ അഹന്തയാണ് ഗുജറാത്തില്‍ കാണുന്നത്. 2002ല്‍ നടന്ന മുസ്‌ലീം ഉന്‍മൂലനത്തില്‍ വ്യക്തമായ പങ്കു വഹിച്ചയാളാണ് മോഡിയെന്നും ശ്രീകുമാര്‍ പറഞ്ഞു.

അപകടകരമായ നീക്കമാണ് സഞ്ജീവ് ഭട്ടിനെതിരെ ഇപ്പോള്‍ നടക്കുന്നത്. ഭട്ടിനെതിരെ 194ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ വധശിക്ഷ വരെ വിധിക്കാവുന്നതാണിത്. ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് പുറത്തു കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ച ഹരിന്‍ പാണ്ഡ്യ ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. മോഡിയുടെ ആദ്യ ഇര താന്‍ ആയിരുന്നുവെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. മോഡി സര്‍ക്കാറിനു കീഴില്‍ ഡി.ജി.പി ആയിരിക്കെയാണ് ഇദ്ദേഹം സസ്‌പെന്റ് ചെയ്യപ്പെടുന്നത്.

താന്‍ പദവിയില്‍ ഇരിക്കെ, സംഘ് പരിവാറിനെതിരായ എല്ലാ തെളിവുകളും പൂഴ്ത്തി വെക്കുക എന്നത് മോഡി ഭരണത്തിന്റെ പതിവു രീതിയായിരുന്നു. തിരഞ്ഞെടുപ്പു വിജയം ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധ നടപടികള്‍ തുടരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആഞ്ജാനുവര്‍ത്തികളോട് സദ്ഭാവനയും സത്യസന്ധരായ ഉദ്യോഗസ്ഥരോട് ദുഷ് ഭാവനയും പുലത്തുക എന്നതാണ് മോഡിയുടെ നയമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.