തിരുവനന്തപുരം: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുന്നത്. ആക്രമണത്തിന്റെ ഒരു സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. എല്ലാവശങ്ങളും പരിശോധിക്കുന്നുണ്ട്. യാതൊരു മുന്‍വിധികളും ഇല്ലാതെയാണ് അന്വേഷണം നടക്കുന്നതെന്നും കേസുമായി ബന്ധപ്പെട്ട അനുബന്ധ സാഹചര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം, അധ്യാപകന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് ഡി.ജി.പി. സൂചിപ്പിച്ചു. അന്വേഷണ സംഘത്തിന് മനസ്സിലായ കാര്യങ്ങളും അധ്യാപകന്റെ മൊഴിയും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്. പോലീസ് സംഘം അധ്യാപകനെ പലതവണ ചെന്നുകണ്ടെങ്കിലും മൊഴി സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും ഈ അവ്യക്തത വരും ദിവസങ്ങളില്‍ പരിഹരിച്ച് കേസന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. മാധ്യമപ്രവര്‍ത്തകരോട് വ്യക്കതമാക്കി.

അധ്യാപകന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.