ഗുവാഹത്തി: അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പവന്‍ഹാന്‍സ് ഹെലികോപ്റ്ററുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യഘട്ടമായി രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ പവന്‍ഹാന്‍സിന്റെ സേവനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും നാല് ഉദ്യോഗസ്ഥരും അപകടത്തില്‍പ്പെട്ടതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇവര്‍ സഞ്ചരിച്ച പവന്‍ഹാന്‍സ് കോപ്റ്റര്‍ തവാങ്ങില്‍വെച്ച് തകര്‍ന്നുവീഴുകയായിരുന്നു. ഏപ്രില്‍ 19ന് നടന്ന മറ്റൊരപകടത്തില്‍ പവന്‍ഹാന്‍സ് കോപ്റ്ററില്‍ സഞ്ചരിച്ച 17 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

കോപ്റ്ററിന്റെ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കാര്യം പവന്‍ഹാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ മഹല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1985ലാണ് പവന്‍ഹാന്‍സ് ഹെലികോപ്റ്ററുകള്‍ സേവനം ആരംഭിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കമ്പനിയുടെ കോപ്റ്ററുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.