ന്യൂദല്‍ഹി: വ്യാജരേഖകളുപയോഗിച്ച് പൈലറ്റ് ലൈസന്‍സ് നേടിയതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനടക്കം നാലുപേരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തു. ഡി.ജി.സി.എ യിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍ ആണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഡി.ജി.സി.എയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. വ്യാജ രേഖകളുപയോഗിച്ച് ലൈസന്‍സ് സ്വന്തമാക്കിയവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയര്‍ന്നു.

വ്യാജരേഖ ഉപയോഗിച്ച് ലൈസന്‍സ് നേടിയ 14 പൈലറ്റുമാരെ ഇതിനകം തന്നെ ഡി.ജി.സി.എയുടെ വലയിലായിട്ടുണ്ട്.വ്യാജരേഖയുപയോഗിച്ച് ലൈസന്‍സ് നേടിയെന്ന വാര്‍ത്ത പരന്നതോടെ 4000ത്തിലധികം പൈലറ്റുമാര്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണെന്ന് ഡി.ജി.സി.എ ഡയറക്ടര്‍ ജനറല്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.

കോപൈലറ്റാകാന്‍ ഫിസിക്‌സും മാത്സും പഠിച്ച് പന്ത്രണ്ടാംക്ലാസ് പരീക്ഷ പാസാകണം. തുടര്‍ന്ന് വ്യോമയാന മന്ത്രാലയം നടത്തുന്ന പരീക്ഷ പാസാവുകയും വേണം.