Categories

വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ട് ദേവീന്ദര്‍ പാല്‍ ഭുള്ളര്‍ സുപ്രീം കോടതിയില്‍

Devinder Pal Singh Bhullar, ദേവീന്ദര്‍ പാല്‍ സിങ് ബുള്ളര്‍

ന്യൂദല്‍ഹി: 1993 ല്‍ ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രതിയായ ##ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളര്‍ വീണ്ടും സുപ്രീം കോടതിയില്‍. വധശിക്ഷ ജീവപര്യന്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഭുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 28 ലേക്ക് മാറ്റി. ദയാഹരജി പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് അല്‍പ്പ ദിവസം മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഭുള്ളര്‍ ഹരജി നല്‍കിയിരിക്കുന്നത്.

തന്റെ ദയാഹരജി പരിഗണിക്കുന്നതില്‍ അത്യധികമായ കാലതാമസമുണ്ടായതായി ഭുള്ളര്‍ ഹരജിയില്‍ പറയുന്നു. കൂടാതെ തനിക്ക് സ്‌കിസോഫ്രീനിയ (പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം) എന്ന അസുഖമുണ്ടെന്നും ഭുള്ളര്‍ കോടതിയെ അറിയിച്ചു.

ദയാഹരജിയില്‍ നടപടിയെടുക്കുന്നത് വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്നായിരുന്നു ജനുവരി 21ന് വന്ന സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നത്. ദയാഹരജിയിന്മേല്‍ നടപടിയെടുക്കുന്നത് അന്യായമായി വൈകരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

രാഷ്ട്രപതി ദയാഹരജി തള്ളിയ 15 പേരുടെ വധശിക്ഷ  ജീവപര്യന്തമായി കുറച്ചു കൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. മാനസിക രോഗമുള്ളവര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞിരുന്നു.

1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ പേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു.

2011 ല്‍ ബുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയിരുന്നത്. ബുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദയാഹരജി തള്ളുകയും ചെയ്തു.

പതിനൊന്ന് വര്‍ഷമായിട്ടും ദയാഹരജി പരിഗണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് എങ്ങനെ കഴിഞ്ഞു?