എഡിറ്റര്‍
എഡിറ്റര്‍
ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയെന്ന് അമേരിക്കന്‍ കോടതി
എഡിറ്റര്‍
Saturday 15th March 2014 6:18am

devayani

ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയാണെന്ന് യു.എസ് ഗ്രാന്‍ഡ് ജൂറിയുടെ വിധി.

കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് കോടതി ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടത്തെിയതിന് തൊട്ടുപിന്നാലെയാണ് പുതിയ വിധി.വിസതട്ടിപ്പ് കേസും വ്യാജരേഖ ചമച്ചതുമായ കുറ്റങ്ങള്‍ തന്നെയാണ് ദേവയാനിക്കെതിരെ ചുമത്തിയിരിക്കുന്നത്. 15 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഉണ്ടായിരുന്നില്ലെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ പരിരക്ഷ ഉണ്ടായിരുന്നെന്നാണ് നേരത്തേ  കേസ് പരിഗണിക്കുന്ന  മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി ജില്ലാ ജഡ്ജ് ഷിറ ഷീന്‍ഡല്‍ പറഞ്ഞത്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും ഫെഡറല്‍ കോടതി പറഞ്ഞിരുന്നു.

ജോലിക്ക് മതിയായ വേതനം നല്‍കിയില്ലെന്ന വീട്ടുവേലക്കാരി സംഗീത റിച്ചാര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 12നാണ് ദേവയാനിയെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിലങ്ങണിയിച്ചെന്നും വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നുമുള്ള അവരുടെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇത് ഇന്ത്യ-അമേരിക്ക ബന്ധം വഷളാക്കുകയും ചെയ്തു.  തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യുഎന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 14നാണ് ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തിയത്.

Advertisement