ശബരിമല: തന്ത്രിയുടെ അനുമതിയില്ലാതെ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് ദേവസ്വം വകുപ്പ്.  ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ അറിവോടെയാണ് ദേവപ്രശ്‌നം നടന്നതെന്നും ദേവസ്വം ബോര്‍ഡ് വ്യക്താക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജനെ സസ്‌പെന്റ് ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസറില്‍ നിന്നും ഇത് സംബന്ധിച്ച വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും എക്‌സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ദേവസ്വം വകുപ്പ് വ്യക്തമാക്കി.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെയാണ് ദേവപ്രശ്‌നം നടത്തിയത്. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ദേവപ്രശ്‌നം. അന്നദാന മണ്ഡപം കെട്ടുന്നതില്‍ ദൈവഹിതം അറിയാനാണ് ദേവപ്രശ്‌നമെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം.

സാധാരണ ഗതിയില്‍ ദേവപ്രശ്‌നത്തിന് തന്ത്രിയുടെ അനുമതി വേണം. അനുവാദം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിയെ സമീപിച്ചപ്പോള്‍, ഇപ്പോള്‍ ദേവപ്രശ്‌നം നടത്തേണ്ട സാഹചര്യമില്ലെന്നും വിപുലമായ കൂടിയാലോചനകള്‍ ഇല്ലാതെ ഇതിനു അനുവാദം നല്‍കാനാകില്ലെന്നുമായിരുന്നു തന്ത്രിയുടെ മറുപടി. ഇതേത്തുടര്‍ന്ന് സ്വന്തം നിലയില്‍ ദേവപ്രശ്‌നം നടത്താന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.